Enter your Email Address to subscribe to our newsletters

Riyad, 26 ഒക്റ്റോബര്‍ (H.S.)
റിയാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ തീവ്രവാദികളുടെ പട്ടികയിൽ പെടുത്തി പാകിസ്ഥാൻ. റിയാദ് ഫോറത്തിൽ വെച്ച് നടത്തിയ ബലൂചിസ്ഥാൻ പരാമർശത്തെത്തുടർന്നാണ് പാകിസ്ഥാൻ അദ്ദേഹത്തെ 'ഭീകരവാദ നിരീക്ഷണപ്പട്ടികയിൽ' (Terror Watchlist) ഉൾപ്പെടുത്തിയത്.
റിയാദിൽ നടന്ന 'ജോയ് ഫോറം 2025'-ൽ വെച്ച് ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം പങ്കെടുത്ത ചർച്ചയ്ക്കിടെയാണ് സൽമാൻ ഖാൻ ഈ പരാമർശം നടത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
ഇപ്പോൾ നിങ്ങൾ ഒരു ഹിന്ദി സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ, അത് ഇവിടെ (സൗദിയിൽ) സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാളി സിനിമ ചെയ്യുകയാണെങ്കിലും, അവ നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ് ചെയ്യും. കാരണം നമ്മുടെ രാജ്യങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
പാകിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണെങ്കിലും അവികസിതമായ പ്രദേശമാണ് ബലൂചിസ്ഥാൻ. 2000-കൾ മുതൽ ഇവിടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ട്. ബലൂചിസ്ഥാൻ ആർമിയെ പാകിസ്ഥാൻ സർക്കാർ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്.
ചർച്ചയിൽ സൽമാൻ ഖാൻ, 'പാകിസ്ഥാൻ', 'ബലൂചിസ്ഥാൻ' എന്നീ രാജ്യങ്ങളെ പ്രത്യേകമായി പരാമർശിച്ചത് പാകിസ്ഥാൻ സർക്കാരിനെ പ്രകോപിപ്പിച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവന ബലൂചിസ്ഥാന്റെ പ്രത്യേക സ്വത്വത്തെ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
ഇതിനെ തുടർന്ന്, പാകിസ്ഥാൻ സർക്കാർ സൽമാൻ ഖാനെ അവരുടെ ഭീകരവാദ വിരുദ്ധ നിയമത്തിലെ (Anti-Terrorism Act - 1997) 'ഫോർത്ത് ഷെഡ്യൂൾ' എന്ന നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. നിരോധിത ഗ്രൂപ്പുകളുമായോ തീവ്രവാദ പ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന പട്ടികയാണിത്.
---------------
Hindusthan Samachar / Roshith K