Enter your Email Address to subscribe to our newsletters

Kerala, 26 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം. ബംഗലുരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്‍റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ബെള്ളാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ്.ഐ.ടി അന്വേഷണം. മൂന്ന് ദിവസമായി ബംഗലുരു ചെന്നൈ, അടക്കം കേന്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്‍റെ ചുമതലയുള്ള എസ്.പി ശശിധരന്‍റെ നേതൃത്വത്തിൽ അന്വേഷണം.
ഗൂഢാലോചനയിലെ പ്രധാന കേന്ദ്രമായ സ്മാർട്ട് ക്രിയേഷൻസിലടക്കം ചെന്നൈയിൽ മൂന്നിടങ്ങളിൽ പോറ്റിയുമായി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വർണവ്യാപാരി ഗോവർദ്ധനനെ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെയായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്.
വീട്ടിൽ നിന്നാണ് 176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തത്. പോറ്റിയും അദ്ദേഹത്തിന്റെ സഹ സ്പോൺസർ ആയിരുന്ന രമേഷ് റാവുവും ഗോവർദ്ധനനും അനന്തസുബ്രഹമണ്യവും ചേർന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയതിന്‍റെ രേഖകൾ കസ്റ്റഡിയിലെടുത്തു. ബംഗലുരുവിലെ ഈ അഞ്ചംഗ സംഘത്തിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. ദ്വാരപാലക പാളികൾ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്നാണ് വിവരം.
---------------
Hindusthan Samachar / Roshith K