Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിലാണ് എത്തിച്ചത്.
ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിച്ചത്. കേരളത്തിലെ തെളിവെടുപ്പും ഉടൻ നടത്താനാണ് നീക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എസ്‌ഐടി പരിശോധിച്ചു. ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്ത ഭൂമിയിടപാട് രേഖകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം. കേരളത്തില്‍ മാത്രമല്ല, ബെംഗളൂരുവിലും ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ബെംഗളൂരുവില്‍ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്.
സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബെംഗളൂരുവില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ശബരിമലയിലെ ഇടപാടുകള്ളും അന്വേഷിക്കും. ഗോവർധന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരുന്നു. ശബരിമലയിലെ വാതില്‍പ്പാളികളിലും കട്ടിളയിലും സ്വർണം പൂശിയത് താനാണെന്നും ദേവസ്വം ബോർഡിന് സ്പോണ്‍സർഷിപ്പിന്റെ രേഖകള്‍ നല്‍കിയിരുന്നുവെന്നുമായിരുന്നു ഗോവർധൻ പറഞ്ഞത്.
സന്നിധാനത്തെത്തി ബോർഡ് അംഗങ്ങളെയും കണ്ടു. എന്നാല്‍ ഔദ്യോഗിക രേഖകള്‍ വന്നപ്പോള്‍ സ്പോണ്‍സർ പോറ്റിയായി മാറിയെന്നും ഗോവർധൻ മൊഴി നല്‍കിയിരുന്നു. ഗോവർധനെ സാക്ഷിയാക്കുന്നതില്‍ നിയമോപദേശം തേടാനാണ് എസ്‌ഐടിയുടെ നീക്കം. 2019-ലെ ദേവസ്വം ബോർഡ് ജീവനക്കാരുടെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തിക്കഴിഞ്ഞു. പോറ്റിക്ക് സ്വർണപ്പാളികള്‍ കൈമാറിയ സമയത്ത് സുരക്ഷാച്ചുമതലയുണ്ടായിരുന്ന ജീവനക്കാർ, മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR