Enter your Email Address to subscribe to our newsletters

Kozhikode, 26 ഒക്റ്റോബര്‍ (H.S.)
മെസിയും അർജന്റീന ടീമും കേരളത്തില്‍ സൗഹൃദമത്സരത്തിനായി എത്തുന്ന കാര്യം പ്രതിസന്ധിയിലായിരിക്കെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട് നടക്കുന്ന ബൈക്ക് റേസിങ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി. അബ്ദുറഹിമാൻ. വണ്ടിപൂട്ട് മത്സരം അംഗീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്ക് വരില്ല എന്നത് കായിക മന്ത്രിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. ഫിഫ അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത വിന്‍ഡോയില്‍ അർജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് സ്പോണ്‍സർമാരുടെ അവകാശവാദം.
കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകളാണ് പ്രഖ്യാപിച്ചിരുന്നത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി. ടിക്കറ്റ് വില 5,000 മുതൽ 50 ലക്ഷം വരെയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR