Enter your Email Address to subscribe to our newsletters

Pathanamthitta, 26 ഒക്റ്റോബര്‍ (H.S.)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ് തുടരുന്നുയ പോറ്റിയുടെ ബെംഗളുരുവിലെ ഭൂമി, റിയൽ എസ്റ്റേറ്റ് വിവരങ്ങൾ എസ്ഐടി പരിശോധിച്ചു. ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു.
അതേസമയംം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് ഇന്നലെ സ്വർണം കണ്ടെത്തിയിരുന്നു. 150 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. വേർതിരിച്ച് സ്വർണം കൈക്കലാക്കാൻ പോറ്റി സ്വർണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവിൽ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവിൽ ലഭിച്ച സഹായങ്ങളും എസ്‌ഐടി അന്വേഷിക്കും.
ഫ്ലാറ്റില്‍ നിന്ന് ഭൂമി ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ ഇടപാടുകളുടെ പണത്തിന്റെ സ്രോതസ് തേടിയാണ് അന്വേഷണം. പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് റിയൽ എസ്റ്റേറ്റിൽ സജീവമായതെന്നാണ് കണ്ടെത്തൽ.
സ്വർണം പൂശൽ കമ്പനിയായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലും എസ്ഐടി അടിമുടി ദുരൂഹത സംശയിക്കുന്നുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പല ഇടപാടുകൾക്കും സ്മാർട് ക്രിയേഷൻസ് കൂട്ടുനിന്നതായാണ് സംശയം. സ്വർണം പൂശലുമായി ബന്ധപ്പെട്ട പല രേഖകളും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. സ്മാർട് ക്രിയേഷൻസിനെ പ്രതിചേർക്കണോയെന്ന് നിയമവശം പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു.
അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ വ്യവസായി ഗോവർധനെ മുഖ്യസാക്ഷിയാക്കാനാണ് തീരുമാനം. ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറിയിൽ ഉണ്ണികൃഷ്‌ണൻ പോറ്റി വിൽപ്പന നടത്തിയ സ്വർണം കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളികൾ നാഗേഷ് എന്നയാൾ വഴി ഹൈദരാബാദിൽ എത്തിച്ചു സ്വർണം വേർതിരിച്ചെടുത്തു. ഇതിൽ 476 ഗ്രാം റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനു വിറ്റെന്നാണ് പോറ്റി മൊഴി നൽകിയത്.
---------------
Hindusthan Samachar / Roshith K