Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഒക്റ്റോബര്‍ (H.S.)
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലെ സ്വർണനേട്ടത്തിന് പിന്നാലെ ദേവനന്ദയ്ക്ക് ഇരട്ടിമധുരം. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ റെക്കോർഡ് കുറിച്ചപ്പോൾ സ്വന്തമായി ഒരു വീടെന്ന സ്വപ്നം കൂടി ഈ കോഴിക്കോടുകാരിക്ക് സാധ്യമാകാൻ പോകുകയാണ്.
ദേവനന്ദയെ അഭിനന്ദിക്കാൻ എത്തിയപ്പോൾ വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ തെറ്റിദ്ധാരണയാണ് ദേവന്ദയുടെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് വഴിവെച്ചത്. സബ് ജൂനിയറിൽ മത്സരിച്ച ഇടുക്കിക്കാരി ദേവപ്രിയ ആണെന്ന് കരുതി വീട് ഉടൻ ശരിയാകുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കാര്യങ്ങളൊക്കെ മനസിലാക്കി വന്നപ്പോൾ അത് ദേവപ്രിയ ആണെന്നും, ഇത് ദേവനന്ദ ആണെന്നും മന്ത്രി തിരിച്ചറിയുകയായിരുന്നു.
വീടിൻ്റെ കാര്യം മന്ത്രി പറഞ്ഞതോടെ, അത് ഈ കുട്ടി അല്ലെന്ന് മന്ത്രിക്ക് ഒപ്പമുള്ളവർ തിരുത്തി. എന്നാൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ദേവനന്ദയ്ക്കും വീട് വേണമെന്ന യാഥാർഥ്യം തിരിച്ചറിയുകയായിരുന്നു. വീടില്ലെന്ന് മനസിലായ ഉടൻ അവിടെ നിന്ന് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് സ്കൗട്ട് ആൻഡ് ഗെയ്ഡ്‌സിൻ്റെ നേതൃത്വത്തിൽ വീട് നൽകുമെന്ന് പ്രഖ്യാപിച്ചു.
നാട്ടിലെ പാർട്ടിക്കാർ വിളിച്ചിരുന്നുവെന്നും വീട് വെക്കുന്നതിൻ്റെ മറ്റ് ചെലവുകൾ നോക്കാമെന്ന് ഉറപ്പു നൽകിയതായി ദേവനന്ദയുടെ അമ്മ പറഞ്ഞു. വീടെന്ന സ്വപ്നം ഇത്ര വേഗത്തിൽ നടക്കുമെന്ന് കരുത്തിയില്ലെന്ന് ദേവനന്ദയും സന്തോഷപൂർവം പറഞ്ഞു.
വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനന്ദനങ്ങൾ ദേവനന്ദ..
റെക്കോർഡ് വേഗത്തിനൊപ്പം സ്നേഹവീടും..
സംസ്ഥാന സ്കൂൾ കായികമേളയിൽ ചരിത്രമെഴുതിയ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ വി ബിജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 100 മീറ്ററിലും ദേവനന്ദ സ്വർണ്ണം നേടി.
അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്സിന് ശേഷം ആശുപത്രിയിൽ പോയി ഫൈനലിന് മടങ്ങിയെത്തിയാണ് ദേവനന്ദ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.
ബാർബറായ അച്ഛൻ ബിജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയുടെയും മകളായ ദേവനന്ദയുടെ സാമ്പത്തിക സാഹചര്യം താരത്തെ നേരിൽ കണ്ടപ്പോൾ മനസിലായി. സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത ദേവനന്ദയുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ കുട്ടിക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ നിർദ്ദേശം നൽകി.
പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന ദേവനന്ദയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR