Enter your Email Address to subscribe to our newsletters

Aralam, 26 ഒക്റ്റോബര്‍ (H.S.)
ഇരിട്ടി ∙ ആറളത്ത് മനുഷ്യ ജീവിതം ഭീഷണിയിലാക്കുന്ന കാട്ടാന ഭീഷണിക്കു ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങി. രണ്ട് 12 ബോർ തോക്കുകളും 1 കിലോമീറ്റർ ദൂരത്തിൽ വെളിച്ചം കിട്ടുന്ന 5 ടോർച്ചുകളും ആറളം ആർആർടിക്കു കൈമാറി. ഡ്രോൺ, നൈറ്റ് വിഷൻ ബൈനോക്കുലർ, അലാസ്കാ ലൈറ്റ്, വണ്ടി എന്നിവ കൂടി ഉടൻ കൈമാറും. ആറളത്തെ മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി.
ആദിവാസി പുനരധിവാസ മേഖലയെന്ന പ്രത്യേക പരിഗണന നൽകിയ കോടതി, അസാധാരണ നീക്കങ്ങൾ നടത്തിയതു ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും ഉൾപ്പെടെ ആറളത്തെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനു നിർബന്ധിതമാക്കിയിരുന്നു.ആറളത്ത് കോടതി തന്നെ മുൻകൈ എടുത്തു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ഇവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 131 നിർദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് ലഭ്യമാക്കുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും ആറളം വിഷയത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്.
കാട്ടാനക്കൂട്ടങ്ങളെ പ്രതിരോധിക്കാൻ ആറളത്ത് ചുമതലപ്പെട്ട വനം ആർആർടി വശം ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്നു നിരീക്ഷിച്ചാണ് കോടതി ഇവ ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്. 12 ബോർ തോക്ക് കാട്ടാന സേനാംഗങ്ങൾക്ക് നേരെ തിരിയുമ്പോൾ പരുക്ക് എൽക്കാത്ത പെല്ലറ്റ് ഉപയോഗിച്ചു വെടിയുതിർത്തു സ്വയം രക്ഷയ്ക്കു ഉപയോഗിക്കുന്നതാണ്. 12000 ലുമിൻ ശേഷിയുള്ളതാണ് ലഭിച്ചിട്ടുള്ള ടോർച്ചുകൾ. തളിപ്പറമ്പ് റേഞ്ചിൽ നിന്നുള്ള ഒരു വണ്ടിയും അധികമായി ആറളത്തിന് നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K