Enter your Email Address to subscribe to our newsletters

SYDNEY, 27 ഒക്റ്റോബര്‍ (H.S.)
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. പ്ലീഹയ്ക്ക് പരിക്കേറ്റ ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. താരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബിസിസിഐ ടീം ഡോക്ടറെ നിയോഗിച്ചിട്ടുണ്ട്. താരം സുഖംപ്രാപിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ടീം ഡോക്ടര്‍ ഡോ. റിസ്വാന്‍ ഖാനാകും താരത്തിനൊപ്പം തുടരുക.
സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ അലക്സ് കാരിയുടെ ക്യാച്ചെടുക്കുന്നതിനിടെ നെഞ്ചിടിച്ചുവീണാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. ഇടതുവാരിയെല്ലിന് സമീപം കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഡ്രസ്സിങ് റൂമിലെത്തിയശേഷം രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ശ്രേയസിനെ തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും മനസിലാകുകയായിരുന്നു. തുടര്‍ന്ന് താരത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലുള്ള ശ്രേയസിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേയസിന്റെ മാതാപിതാക്കള്‍ സിഡ്നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S