തെരുവുനായ പ്രശ്‌നം ഇന്ത്യക്ക് അപമാനം; ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി
NEW DELHI, 27 ഒക്റ്റോബര്‍ (H.S.) തെരുവുനായ്ക്കളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നായകളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെ
Supreme Court


NEW DELHI, 27 ഒക്റ്റോബര്‍ (H.S.)

തെരുവുനായ്ക്കളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നായകളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെതിരെ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

തെരുവുനായ ആക്രമണങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ അന്തസ്സിന് വലിയ ക്ഷതമേല്‍പ്പിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ വിഷയത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പശ്ചിമബംഗാളും തെലങ്കാനയും ഡല്‍ഹി മുന്‍സിപ്പാലിറ്റിയും മാത്രമാണ് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

കോടതി ഉത്തരവ് അവഗണിച്ച സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. തെരുവുകളില്‍ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ നിലവിലെ ഉത്തരവ്. എന്നാല്‍, പേ വിഷബാധ ബാധയുള്ളവയെ ഒരു കാരണവശാലും പുറത്തുവിടരുത് എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പുതിയ ഉത്തരവിറക്കി സുപ്രീംകോടതി. നായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവയ്ക്കായുള്ള ഷെല്‍ട്ടറുകള്‍ തയ്യാറാക്കാന്‍ മുനിസിപ്പാലിറ്റികളും മറ്റു ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഷെല്‍ട്ടറിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ തിരികെ തെരുവിലേക്ക് വിടരുതെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ പല കോണുകളില്‍ നിന്ന് ഈ ഉത്തരവിന് എതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഇതില്‍ ചെറിയ ഇളവ് കോടതി അനുവദിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News