Enter your Email Address to subscribe to our newsletters

Kochi, 27 ഒക്റ്റോബര്‍ (H.S.)
കേസൊതുക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയ വ്യവസായിക്ക് നോട്ടീസ്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനോടാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച അനീഷ് ബാബുവിനോട് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് കെ.ബാബു നിര്‍ദേശിച്ചു. ഒരു ദിവസത്തേക്ക് അനീഷ് ബാബുവിന്റെ അറസ്റ്റും ഹൈക്കോടതി തടഞ്ഞു.
കേസൊതുക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ രണ്ടര കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് ഇ.ഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച മറ്റു മൂന്നു പേര്‍ കൂടി പ്രതികളാണ്.
കൊച്ചിയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റം കിട്ടിയ ശേഖര്‍ കുമാറിനെ വിജിലന്‍സ് നേരത്തെ ചോദ്യം ചെയ്തിരുന്നു. മറ്റു പ്രതികള്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. വിജിലന്‍സ് എസ്പിയായിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയതോടെ വിജിലന്‍സ് അന്വേഷണം ഏറെക്കുറെ മരവിച്ച മട്ടാണ്.
---------------
Hindusthan Samachar / Sreejith S