Enter your Email Address to subscribe to our newsletters

eranakulam, 27 ഒക്റ്റോബര്‍ (H.S.)
എറണാകുളം: മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട കലൂര്‍ സ്റ്റേഡിയ നവീകരണ വിവാദത്തില്‍ ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി. സ്റ്റേഡിയ നവീകരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ തട്ടിപ്പ് നടന്നോ എന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നും ജിസിഡിഎയോട് കത്ത് മുഖാന്തരം ഹൈബി ഈഡന്‍ ചോദിച്ചിട്ടുണ്ട്.
അതേസമയം കലൂരെ മരംമുറിയില്‍ ഉള്‍പ്പെടെ ഇതുവരെ തങ്ങള്‍ മിണ്ടാതിരുന്നത് ലക്ഷക്കണക്കിന് പേര്‍ മെസിയുടെ വരവ് കാത്തിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം നവീകരണ പദ്ധതിയുടെ സമയക്രമവും വ്യാപ്തിയും എന്താണ്, നവീകരണ പ്രവര്‍ത്തനത്തില്‍ കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന് എന്തെങ്കിലും പങ്കുണ്ടോ, ഡിസംബറില് ഐഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്റ്റേഡിയും തയ്യാറാകുമോ മുതലായ ചോദ്യങ്ങളാണ് ഹൈബി ഈഡന്‍ ഉയര്‍ത്തിയിരിക്കുന്നത്.
സ്‌റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണോ. അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിലവില്‍ സ്‌പോണ്‍സര്‍ക്ക് സ്‌റ്റേഡിയത്തില്‍ എന്തെങ്കിലും അവകാശം നിലനില്‍ക്കുന്നുണ്ടോ എന്നും ഹൈബി ഈഡന്‍ ചോദിച്ചു.
അർജന്റീനൻ ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും കേരളത്തിലെ സൗഹൃദമത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ, സംഘാടനത്തിലെ വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ, രാഷ്ട്രീയ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. 2025 നവംബർ 17-ന് കൊച്ചിയിൽ നടക്കാനിരുന്ന ഈ മത്സരം, കേരളത്തിന്റെ തയ്യാറെടുപ്പില്ലായ്മയും ലോജിസ്റ്റിക്സിലെ കാലതാമസവും കാരണം ഉപേക്ഷിക്കുകയാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) അറിയിച്ചു.
സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ മുടക്കുമെന്ന് ഇവൻ്റ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി) പ്രഖ്യാപിച്ചു. എന്നാൽ, ഈ കണക്കുകൾ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ചോദ്യം ചെയ്യുകയും, മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന്റെ പൂർണ അവകാശം വേണമെന്ന ആർബിസിയുടെ ആവശ്യം വിവാദമാകുകയും ചെയ്തു. കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് എഎഫ്എയും രംഗത്തെത്തി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയനേട്ടങ്ങൾക്കായി സർക്കാർ മെസ്സിയുടെ പേര് ഉപയോഗിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മത്സരത്തിനായി ഔദ്യോഗിക കരാറുകൾ ഒപ്പിടുന്നതിന് മുൻപ് തന്നെ സർക്കാർ തിടുക്കത്തിൽ പ്രഖ്യാപനം നടത്തിയെന്നും വിമർശനമുയർന്നു.
---------------
Hindusthan Samachar / Roshith K