Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദത്തില്‍ വിശദീകരണവുമായി ജിസിഡിഎ. സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് കൈമാറിയത് കായിക മന്ത്രിയുടെ കത്തിന്റ അടിസ്ഥാനത്തിലാണെന്ന് ജിസിഡിഎ വ്യക്തമാക്കി. ടര്‍ഫിന്റെ നവീകരണം അടക്കമുള്ള കാര്യങ്ങള്‍ നവംബര്‍ 30നകം നവീകരണം പൂര്‍ത്തിയാക്കുമെന്ന് സ്‌പോണ്‍സര്‍ മറുപടിയും നല്‍കിയിരുന്നു. അര്‍ജന്റീന കേരളത്തില്‍ വരികയാണെങ്കില്‍ മത്സര വേദിയായി കലൂര്‍ സ്റ്റേഡിയത്തെ പരിഗണിക്കമെന്ന് മുഖ്യമന്ത്രിയോട് ജിസിഡിഎ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്. സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ കേരളയുമായാണ് കരാറുള്ളത്.
നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറുമെന്നാണ് സ്‌പോണ്‍സറുടെ ഉറപ്പ്. അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. തനിക്ക് ഒരു അവകാശവും വേണ്ട. അത്തരത്തില്‍ ഒരു അവകാശവും ചോദിച്ചിട്ടുമില്ല.മാര്‍ച്ചില്‍ അര്‍ജന്റീന ടീം വരുന്നുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ അനുവദിച്ചാല്‍ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്റെ നഷ്ടം സഹിക്കാന്‍ തയ്യാറാണെന്നും ഇനി ഇപ്പോള്‍ ചെയ്യുന്ന നവീകരണം നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
---------------
Hindusthan Samachar / Roshith K