Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സമ്മര്‍ദം മൂലമാണ് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കായ അജീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി യുഡിഎഫ്. ഇടതു കൗണ്‍സിലര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്ഡിയതായും കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സന്‍ വെള്ളറ അബ്ദു വ്യക്തമാക്കി.
അതിനിടെ, കൊടുവള്ളി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായ നൂറോളം പേര്‍ കലക്ടറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധവുമായെത്തി. കൊടുവള്ളി നഗരസഭയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന എല്‍ഡി ക്ലാര്‍ക്ക് അജീഷ് ഈ മാസം 19നാണ് ജീവനൊടുക്കിയത്.
ഇടത് കൗണ്‍സിലര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് വരുത്താനായി അജീഷില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായാണ് യുഡിഎഫ് ആരോപിക്കുന്നത്. അജീഷിന്‍റെ കംപ്യൂട്ടര്‍ ലോഗിന്‍ ഐ ഡിയും പാസ് വേഡും ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ വെള്ളറ അബ്ദു ആവശ്യപ്പെട്ടു.
അതേസമയം, ജീവനക്കാരന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാജയ ഭീതി മുന്നില്‍ കണ്ടാണ് ഇത്തരം പ്രചാരണങ്ങളെന്നും ഇടത് കൗണ്‍സിലര്‍ വായോളി മുഹമ്മദ് പറഞ്ഞു. അജീഷിന്‍റെ മരണത്തില്‍ പരാതിയൊന്നുമില്ലെന്ന് കുടുംബം അറിയിച്ചിട്ടുണ്ടെന്ന് വയോളി മുഹമ്മദ് പറഞ്ഞു.
ഇതിനിടെ കൊടുവള്ളി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ യുഡി എഫ് നേതാക്കള്‍ക്കൊപ്പം ജില്ലാ കലക്ടറുടെ ചേംബറിനു മുന്നിലെത്തി പ്രതിഷേധിച്ചു. വീടിരിക്കുന്ന വാര്‍ഡുകളില്‍ നിന്നും ദൂരെ സ്ഥലങ്ങളിലെ വാര്‍ഡുകളിലേക്കുള്‍പ്പെടെ വോട്ട് മാറ്റപ്പെട്ടവരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ കളക്ടറെ നേരില്‍ കണ്ട് പരാതി അറിയിച്ചു
---------------
Hindusthan Samachar / Roshith K