Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
മുട്ടില്‍ മരംമുറി കേസില്‍ നിയമവിരുദ്ധ ഉത്തരവ് ഇറക്കിയ ചീഫ് സെക്രട്ടറി എ.ജയതിലക് അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചില്ലെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ മാധ്യമത്തോടാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.
അതേസമയം പൊലീസ് കേസില്‍ കുറ്റപത്രങ്ങള്‍ വൈകുമ്പോളും ഭൂഉടമകളായ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും എതിരെ റവന്യൂ വകുപ്പ് നടപടികള്‍ തുടരുകയാണ് എന്ന ആക്ഷേപവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്.
മുട്ടില്‍ മരംമുറി കേസില്‍ അഞ്ചുവര്‍ഷമായിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രം വൈകുകയാണ്. റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍ എന്നിവര്‍ പ്രതികളായ ആകെ 42 കേസുകളാണുള്ളത്. ഇതില്‍ 19 കേസുകളില്‍ ഇനിയും കുറ്റപത്രം നല്‍കിയിട്ടില്ല. അതിനിടെയാണ് ഭൂഉടമകളായ കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും എതിരെയുള്ള റവന്യൂവകുപ്പിന്‍റെ നടപടി.
മരം മുറിയ്ക്ക് കാരണമായ ഉത്തരവ് ഇറക്കിയ അന്നത്തെ റവന്യൂ സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ.ജയതിലകിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ ജോസഫ് മാത്യു ആണ് ശക്തമായ ആക്ഷേപങ്ങളുമായി രംഗത്തുവന്നത്.
കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ഷകരെ വീണ്ടും റവന്യൂ നടപടിയുടെ ഭാഗമായി ബലിയാടാക്കുകയാണെന്നാണ് പരാതി. പൊലീസ് കേസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിന്‍റെ കേസുകളിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ഉള്‍പ്പെടെ നശിക്കുമ്പോളും അത് സംരക്ഷിക്കാന്‍ സൗത്ത് വയനാട് ഡിഎഫ്ഒയുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകുന്നില്ല.
---------------
Hindusthan Samachar / Roshith K