Enter your Email Address to subscribe to our newsletters

Kochi, 27 ഒക്റ്റോബര്‍ (H.S.)
സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2009ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റെ നടപടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോട് അനുബന്ധിച്ച് 2024ലാണ് നടി പരാതി നല്‍കുന്നത്. 15 വര്‍ഷം മുന്‍പ് സിനിമാ ചര്‍ച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എന്നാല്‍ രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളില്‍ 3 വര്‍ഷം വരെയാണ് മജിസ്‌ട്രേറ്റ് കോടതിക്ക് കേസെടുക്കാവുന്നത്. ഇവിടെ 15 വര്‍ഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാല്‍ അത് നിയമപരമായി നിലനില്‍ക്കില്ല എന്നു കാട്ടിയാണ് ഹൈക്കോടതി വിധി. ഐപിസി 354 അനുസരിച്ചുള്ള കുറ്റത്തിന് ഒന്നു മുതല്‍ അഞ്ചുവര്‍ഷംവരെ ജയില്‍ ശിക്ഷയാക്കിയതും ജാമ്യമില്ലാ കുറ്റമാക്കിയതും 2013ലാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ആദ്യമുണ്ടായ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. രഞ്ജിത്ത് ആരോപണം നിഷേധിക്കുകയും താന്‍ ഇതില്‍ ഇരയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദം ശക്തമായതോടെ അദ്ദേഹത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
---------------
Hindusthan Samachar / Sreejith S