Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്∙ ദേശീയപാത വെങ്ങളം– രാമനാട്ടുകര ബൈപാസിൽ യാത്രയ്ക്ക് അനുമതി നൽകി ദേശീയപാത അതോറിറ്റി. സ്വതന്ത്ര എൻജിനീയർ, എൻഎച്ച്എഐ പ്രോജക്റ്റ് ഓഫിസർ, തിരുവനന്തപുരത്തെ മേഖലാ ഓഫിസർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണു നിർമാതാക്കളായ ഹൈദരാബാദ് കെഎംസി കൺസ്ട്രക്‌ഷൻസിനു നിർമാണം സംബന്ധിച്ചു ദേശീയപാത അതോറിറ്റി സർട്ടിഫിക്കറ്റ് നൽകിയത്. 2021 ഓഗസ്റ്റ് 15ന് ആണു നിർമാണം തുടങ്ങിയത്.
28.4 കിലോമീറ്റർ പാത 1700 കോടിയോളം രൂപ ചെലവിട്ടാണു നിർമിച്ചത്. കിലോമീറ്ററിന് 63 കോടിയിലധികം രൂപയെന്നതു സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിർമാണത്തിന്റെ ഏറ്റവും കൂടിയ നിരക്കാണ്. ഫ്ലൈഓവറുകൾ കൂടുതലായി വന്നതാണ് നിരക്കുയരാൻ കാരണം. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണു ഫ്ലൈ ഓവറുകളുള്ളത്. പാതയിലേക്കു കയറാനും പുറത്തിറങ്ങാനുമായി 19 ഇടങ്ങൾ വീതം ഇരുവശത്തും നൽകിയിട്ടുണ്ട്. സർവീസ് റോഡുകൾ പൂർത്തിയാകാത്ത ചില സ്ഥലങ്ങളിൽ താൽക്കാലിക എൻട്രി, എക്സിറ്റ് പോയിന്റുകൾ അധികമായി നൽകിയിട്ടുണ്ട്.
വീതി കൂട്ടാനുള്ള പാലങ്ങൾ മാർച്ചിൽ പൂർത്തിയാകും
കോരപ്പുഴ, പുറക്കാട്ടിരി, മാമ്പുഴ, അറപ്പുഴ പാലങ്ങളാണ് പാതയിലുള്ളത്. ഇതിൽ മാമ്പുഴപ്പാലം ഒഴിച്ചുള്ളവയിലെല്ലാം പടിഞ്ഞാറു ഭാഗത്തുള്ള പുതിയ പാലങ്ങളിലൂടെ മാത്രമാണു നിലവിൽ ഗതാഗതം. നേരത്തെയുണ്ടായിരുന്ന ബൈപാസിന്റെ ഭാഗമായുള്ള 4 പാലങ്ങൾക്കും വീതി കുറവായതിനാൽ, അവയുടെ വീതി കൂട്ടുന്ന പ്രവൃത്തി നടക്കുന്നതിനാലാണു ഗതാഗതം ക്രമീകരിച്ചത്
പഴയ ബൈപാസിന്റെ ഭാഗമായുള്ള 4 പഴയ പാലങ്ങൾക്കും വീതി 11 മീറ്ററാണ്. അക്കാലത്തു 2 വരി ഗതാഗതത്തിനായി നിർമിച്ചതു കൊണ്ടാണിത്. 4 പഴയ പാലങ്ങളോടും ചേർന്ന്, 13.58 മീറ്റർ വീതിയിൽ 4 പുതിയ പാലങ്ങളുടെ നിർമാണ പ്രവൃത്തി നടക്കുന്നുണ്ട്. മാർച്ചിൽ പൂർത്തിയാകുമെന്നാണു കരുതുന്നത്. കെഎംസി കൺസ്ട്രക്‌ഷൻസ് തന്നെയാണീ പുതിയ പാലങ്ങളും നിർമിക്കുന്നത്. 15 വർഷത്തേക്കു പാതയുടെ അറ്റകുറ്റപ്പണികൾ നിർമാണ കരാറിന്റെ ഭാഗമായി കെഎംസി തന്നെ നിർവഹിക്കും.
---------------
Hindusthan Samachar / Roshith K