Enter your Email Address to subscribe to our newsletters

Kozhikode, 28 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് നന്തിയില്‍ ദേശീയപാത നിർമ്മാണ മേഖലയില്‍ കാല്‍നടയാത്രക്കാർക്ക് ഭീഷണിയായി അപകടങ്ങള്‍ തുടർക്കഥയാവുന്നു.
ദേശീയപാതയോട് ചേർന്നുള്ള ഓടയില്‍ വീണ് ഇന്നലെയും ഒരു സ്ത്രീക്ക് പരിക്കേറ്റു. അപകടകരമായ രീതിയില്‍ പൊട്ടിത്തകർന്ന് കിടന്ന സർവീസ് റോഡിന് സമീപത്തെ ഓടയുടെ സ്ലാബാണ് വഴിയാത്രക്കാരി വീഴാൻ കാരണമായത്.
ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഈ ഭാഗത്തെ ഓടയുടെ മുകളിലൂടെ വലിയ വാഹനങ്ങള്‍ നിരന്തരം കയറിയിറങ്ങുന്നത് മൂലമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകർന്ന് അപകടക്കെണിയായത്. അപകടം നടന്ന സമയത്ത് ശക്തമായ മഴയെ തുടർന്ന് റോഡില്‍ വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. ഈ വെള്ളക്കെട്ടില്‍ റോഡും ഓടയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ വന്നതാണ് സ്ത്രീ ഓടയിലേക്ക് വീഴാൻ കാരണം. തൊട്ടുപിന്നാലെ വന്ന സ്വകാര്യബസിലെ ജീവനക്കാർ ഉടൻ തന്നെ ഇടപെട്ട്, ഓടയില്‍ വീണ സ്ത്രീയെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചത് വലിയ സഹായമായി.
ഇതാദ്യമായല്ല ഈ സ്ഥലത്ത് അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തെ കുഴിയിലേക്ക് സ്വകാര്യബസിന്റെ മുൻ ടയർ താഴ്ന്ന് അപകടമുണ്ടായിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ബസ് തള്ളി കുഴിയില്‍ നിന്ന് കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR