Enter your Email Address to subscribe to our newsletters

Kochi, 28 ഒക്റ്റോബര്‍ (H.S.)
ഇന്റർനാഷണല്‍ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു.
ആഗോള കുരുമുളക് സമ്ബദ്‌വ്യവസ്ഥയുടെ വളർച്ചക്കായി ഉല്‍പാദന രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം, സുസ്ഥിരത, നവീകരണം എന്നിവ ഉറപ്പാക്കണമെന്ന് അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം രൂപപ്പെടുത്തുന്നതിലും കുരുമുളക് മേഖലയിലെ സമഗ്ര വളർച്ചയെ നയിക്കുന്നതിലും ഇന്ത്യയുടെ നിർണായക പങ്ക് ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വ. സംഗീത വിശ്വനാഥൻ ഊന്നിപ്പറഞ്ഞു. സുഗന്ധവ്യഞ്ജന മൂല്യ ശൃംഖലയിലുടനീളം ഗുണനിലവാരം, ട്രേയ്സബിലിറ്റി, മൂല്യവർദ്ധനവ് എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സ്പൈസസ് ബോർഡിന്റെ പ്രതിബദ്ധതയും അവർ വ്യക്തമാക്കി.
കുരുമുളക് വ്യാപാരത്തിൻ്റെ ഭാവി രൂപപ്പെടുത്താനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താനും രാജ്യാന്തര സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള വേദിയാണ് സമ്മേളനമെന്ന് ഇന്റർനാഷണല്‍ പെപ്പർ കമ്മ്യൂണിറ്റിയുടെ (ഐപിസി) എക്സിക്യൂട്ടീവ് ഡയറക്ടർ മറീന എൻ അംഗ്രയ്‌നി അഭിപ്രായപ്പെട്ടു കേന്ദ്ര വാണിജ്യമന്ത്രാലയവും സ്‌പൈസസ് ബോർഡും ഇന്റർനാഷണല്‍ പെപ്പർ കമ്മ്യൂണിറ്റിയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ഐപിസിയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരശൃംഖല ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികളും പ്രതിരോധശേഷി കൂടിയ കുരുമുളക് ഇനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സമ്മേളനത്തില്‍ ചർച്ച ചെയ്തു. തുടർന്ന് നടന്ന ബിസിനസ് സെഷനില്‍ ഗ്രിഫിത്ത് ഫുഡ്സിന്റെ ഉപസ്ഥാപനമായ ടെറോവയുടെ വൈസ് പ്രസിഡന്റ് ഗിരിധർ റാവു, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലോറ ഷുമോവ്, സ്കോർപിയോണ്‍ പ്രതിനിധി അന്ന സ്‌ട്രെല്‍സ്, എവിടി മക്കോർമിക്ക് ഇൻഗ്രീഡിയന്റ്സ് എംഡി സുഷമ ശ്രീകണ്ഠത്ത്, ഐപിസി കണ്‍സല്‍ട്ടന്റ് ജസ്‌വീന്ദർ സിംഗ് സേഥി എന്നിവർ പങ്കെടുത്തു. സമ്മേളനത്തില്‍ ഐസിഎആർ മുൻ ഗവേഷകൻ ഡോ. സന്തോഷ് ജെ ഈപ്പൻ, കോളേജ് ഓഫ് മൈക്രോനേഷ്യയിലെ റിസർച്ച് സയന്റിസ്റ്റ് ഡോ. മുരുകേശൻ കൃഷ്ണപിള്ള, ഇന്റർനാഷണല്‍ ബ്ലാക്ക് പെപ്പർ ക്രോപ് അഡ്വൈസർ ഡോ. സുനില്‍ ടാംഗലെ, മാനെ കാൻകോർ ഇൻഗ്രീഡിയന്റ്സ് ഗവേഷണ- വികസന മേധാവി പ്രശോഭ് എസ് പ്രസാദ്, യെസ് ബാങ്ക് പ്രതിനിധി പ്രദീപ് ശ്രീവാസ്തവ, കേരള കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. എൻ മിനി രാജ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ മികച്ച കുരുമുളക് കർഷകർക്കും മൂല്യവർദ്ധിത കുരുമുളക് ഉല്പ്പന്നങ്ങളുടെ കയറ്റുമതിക്കാർക്കും കുരുമുളകില്‍ നിന്നും നൂതന ഉല്പ്പന്നങ്ങള് വികസിപ്പിക്കുന്ന വ്യാപാരികള്‍ക്കും നല്കുന്ന ‘ഐപിസി ബെസ്റ്റ് അവാർഡ് 2024’ പുരസ്‌കാര സമർപ്പണവും സമ്മേളനത്തില്‍ നടന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR