Enter your Email Address to subscribe to our newsletters

Kerala, 28 ഒക്റ്റോബര്‍ (H.S.)
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി ലുലു മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി്. മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ ലൈസന്‍സ് മുഖേന കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ്.എ ധര്‍മ്മാധികാരി, ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
പാര്‍ക്കിംഗ് തുക ഈടാക്കണമോ എന്നത് കെട്ടിട ഉടമകളുടെ വിവേചനാധികാരമാണെന്ന് കോടതി നീരീക്ഷിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ബോസ്‌കോ കളമശേരി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള ബില്‍ഡിങ്ങ് റൂള്‍സ് നിയമങ്ങളുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.
പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കളമശ്ശേരി നഗരസഭ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേരള മുന്‍സിപ്പാലിറ്റി ചട്ടം അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് നഗരസഭ അനുമതി നല്‍കിയത്. ഇടപ്പള്ളി ലുലു മാളിലെ ബേസ്‌മെന്റ് പാര്‍ക്കിംഗ്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് എന്നിവടങ്ങളിലായി ഏറ്റവും നല്ല സൗകര്യങ്ങളോടെയും മികച്ച സുരക്ഷിതത്വത്തോടെയുമാണ് പാര്‍ക്കിങ്ങ് ലഭ്യമാക്കിയിരിക്കുന്നതെന്നും, പാര്‍ക്കിംഗ് ഏരിയകള്‍ കൂടി ഉള്‍പ്പെടുത്താണ് മുന്‍സിപ്പാലിറ്റിക്ക് കെട്ടിട നികുതി നല്‍കുന്നതെന്നും ലുലു ഹൈക്കോടതിയില്‍ ചൂണ്ടികാട്ടി. ന്യായമായ ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ഈ തുക പാര്‍ക്കിംഗ് ഏരിയയുടെ പരിപാലത്തിനായാണ് ഉപയോഗിക്കുന്നതെന്നും ലുലു കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്, നിയമവിരുദ്ധമല്ലെന്നും ബിസിനസ് പ്രത്യേകാവശമാണെന്നും കോടതി നിരീക്ഷിച്ചു.
---------------
Hindusthan Samachar / Sreejith S