Enter your Email Address to subscribe to our newsletters

Malappuram, 28 ഒക്റ്റോബര്‍ (H.S.)
അസുഖബാധിതയായ ഉമ്മയെ നോക്കാനും ഉപജീവനത്തിനുമായി പെരിന്തൽമണ്ണയിൽ ചായ വിറ്റിരുന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരനെ നജീബ് കാന്തപുരം എംഎൽഎ ഏറ്റെടുത്തു. പെരിന്തൽമണ്ണ ബോയ്സ് സ്കൂൾ വിദ്യാർഥി ഉസൈനിനാണ് എംഎൽഎ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തത്.
അസമിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് ഉസൈൻ കേരളത്തിലെത്തിയത്. മൂന്ന് വർഷത്തോളമായി ഉസൈനും കുടുംബവും കേരളത്തിലെത്തിയിട്ട്. എട്ട് മാസം മുമ്പ് ഉപ്പ അപകടത്തിൽ മരിച്ചു. പിന്നാലെ കുടുംബത്തിന്‍റെ ചുമതല ഉസൈന്‍റെ ചുമലിലായി. സ്കൂളിൽ നിന്ന് വന്ന ഉടനെ ചായയുമായി പെരിന്തൽമണ്ണ ബൈപ്പാസിൽ ഇറങ്ങും. ഉമ്മയുടെ ചികിത്സയ്ക്കായാണ് ചായ വിൽക്കാനിറങ്ങിയതെന്നാണ് ഉസൈൻ പറയുന്നത്. രണ്ടു മാസം കൊണ്ടാണ് ഈ മിടുക്കന്‍ മലയാളം പഠിച്ചത്. തിരിച്ചിനി നാട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്നും ഉസൈന്‍ പറഞ്ഞു.
രാത്രി വൈകിയും കച്ചവടം ചെയ്യും. ചിലപ്പോൾ മുഴുവൻ ചായയും തീർന്നെന്നുവരില്ല. കിട്ടുന്ന പണം കൊണ്ടുവേണം വീട്ടുചെലവും ഉമ്മയുടെ ചികിത്സാ ചെലവും നോക്കാൻ. വീട്ടുചെലവിനായി ചായ വിൽക്കാനിറങ്ങുകയും എന്നാൽ അത് വിറ്റുപോവാതെ വിഷമിച്ചുനിൽക്കുകയും ചെയ്ത ഉസൈനുമായി ഒരു യുവാവ് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എത്തിയതെന്നും രാത്രി 9.20 ആയിട്ടും ആകെ അഞ്ച് ചായയേ വിറ്റിട്ടുള്ളൂവെന്നും പറയുമ്പോൾ ഉസൈന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു. തുടർന്നാണ്, എംഎൽഎ ഉസൈൻ താമസിക്കുന്ന വാടകവീട്ടിലെത്തിയത്.
ഉസൈന് കണ്ട് സഹായം വാഗ്ദാനം നൽകിയതിൻ്റെ വീഡിയോ എംഎൽഎ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ‘പെരിന്തൽമ്മണ്ണ ബൈപാസിൽ ചായ കച്ചവടം നടത്തിയിരുന്ന ഏഴാം ക്ലാസുകാരനെ തേടിയുള്ള യാത്ര എത്തിച്ചേർന്നത് ഈ വീട്ടിലാണ്...’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കുട്ടിയുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് എംഎൽഎ ഉറപ്പു നൽകി. പഠിച്ചാലെ കാര്യമുള്ളൂവെന്നാണ് ഉസൈൻ പറയുന്നത്. പഠിച്ചിട്ടേ കാര്യമുള്ളൂ എന്നുപറയാനുള്ള ഒരു കുട്ടിയുണ്ടായെന്ന് ഉസൈനെ ചേർത്തുനിർത്തി എംഎൽഎ പറഞ്ഞു. വീടുമാറണമെന്നും മദ്രസയിൽ പഠിക്കണമെന്നുമുള്ള ആഗ്രഹവും സഫലമാക്കാമെന്ന ഉറപ്പും നജീബ് കാന്തപുരം എംഎൽഎ ഉസൈന് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR