Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ഒക്റ്റോബര്‍ (H.S.)
സ്കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ പ്രശംസിച്ചു..
കായികമേള സംഘടിപ്പിച്ചതിലെ മികവ് എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ അഭിനന്ദനം. മുമ്ബ് കായികയിനങ്ങള്‍ ഒരു പാഠ്യേതര വിഷയമായിരുന്നുവെങ്കില്‍, ഇന്ന് അത് വിദ്യാഭ്യാസത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു പരിപാടി എങ്ങനെ നടത്തണമെന്ന് ശിവൻകുട്ടി കാണിച്ചുതന്നു. 20,000 കുട്ടികള്‍ പങ്കെടുത്ത കായികമേള ഒരു വലിയ സംരംഭമാണ്. ഇതിൻ്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങള്‍, ഗവർണർ പറഞ്ഞു.
അർഹരായ വിദ്യാർഥികള്‍ക്ക് വീട് നിർമ്മിച്ചു നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉദ്യമത്തെയും ഗവർണർ പ്രത്യേകം പ്രശംസിച്ചു. ഈ തീരുമാനമെടുത്തവരെ അഭിനന്ദിച്ച അദ്ദേഹം, ഇത്രയും മനോഹരമായ ഒരു സംസ്ഥാനത്തിൻ്റെ ഗവർണറായി തുടരുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇത്തവണ സ്വർണക്കപ്പ് മുഖ്യമന്ത്രിയുടെ പേരിലാണ് നല്‍കുന്നത്. ഇത് കുട്ടികള്‍ക്ക് മത്സരിച്ച് നേടാനുള്ള അധിക പ്രചോദനം നല്‍കും. സർക്കാരിനും മുഖ്യമന്ത്രിക്കും എൻ്റെ നന്ദി. കായികമേളയില്‍ പങ്കെടുത്ത എല്ലാവർക്കും എൻ്റെ നന്ദി, ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാൻ പോകുന്ന കായികതാരങ്ങള്‍ക്ക് നിലവില്‍ 350 രൂപയാണ് യാത്രാബത്തയായി (TA) നല്‍കുന്നതെന്നും, ഈ തുക വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ധനമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളെ സഹായിക്കാൻ നടപടികള്‍ എടുത്തിട്ടുണ്ട്. മത്സരത്തിനായി പോകുന്ന കായികതാരങ്ങള്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കാൻ റെയില്‍വേയുമായി സംസാരിക്കുമെന്നും, ഇതിനായി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR