Enter your Email Address to subscribe to our newsletters

Thrissur, 28 ഒക്റ്റോബര്‍ (H.S.)
തൃശൂർ: ഫീസ് വർധനയ്ക്കെതിരെ തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ എസ്എഫ്ഐയുടെ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. അതേസമയം ഡെപ്യൂട്ടി രജിസ്ട്രാറുമായി എസ്എഫ്ഐ നടത്തിയ ചർച്ച പരാജയപെട്ടു . ഉത്തരവാദിത്തപ്പെട്ട ആരും ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം.
പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം.
കേരള കാർഷിക സർവകലാശാലയിൽ (മണ്ണുത്തി) വിവിധ കോഴ്സുകളുടെ ഫീസ് 50% മുതൽ 350% വരെ കുത്തനെ വർദ്ധിപ്പിച്ചതാണ് പ്രധാന വിവാദം.
പുതിയ ബാച്ചുകൾക്ക്: 2025-ൽ പ്രവേശനം നേടുന്ന ബിരുദ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ ഫീസ് 50,000 രൂപ വരെയായി വർദ്ധിപ്പിച്ചു. ഇത് മുൻപ് ഏകദേശം ₹15,000- ₹24,000 ആയിരുന്നു.
വിദ്യാർത്ഥി പ്രവേശനത്തെ ബാധിക്കുന്നു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ഭീമമായ ഫീസ് താങ്ങാൻ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ പല വിദ്യാർത്ഥികളും കോഴ്സ് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.
വെള്ളായണി കോളേജിലെ സംഭവം: തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളേജിൽ സെമസ്റ്റർ ഫീസ് ₹15,000-ൽ നിന്ന് ₹50,000 ആയി വർദ്ധിപ്പിച്ചതിനെ തുടർന്ന് അർജുൻ എന്ന വിദ്യാർത്ഥി കോഴ്സ് ഉപേക്ഷിച്ച് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) വാങ്ങിയത് വലിയ വാർത്താവിവാദമായി. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ വീഡിയോ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
പ്രതിഷേധങ്ങൾ: വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐ (SFI), കെ.എസ്.യു (KSU) തുടങ്ങിയവർ ഈ ഫീസ് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇത് കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലറെ തടയുന്നതുൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക് നീണ്ടു.
സർക്കാർ ഇടപെടൽ: വിവാദം ശക്തമായതോടെ, ഫീസ് വർദ്ധനയുടെ പേരിൽ TC വാങ്ങിയ അർജുനെ തിരികെ പ്രവേശിപ്പിക്കാൻ കാർഷിക സർവകലാശാലയ്ക്ക് കൃഷി മന്ത്രി നിർദ്ദേശം നൽകി. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഫീസ് ഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഈ ഫീസ് വർദ്ധനവിന്റെ പ്രധാന കാരണം, സർവകലാശാലയുടെ ₹188 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ഈ ഭാരം വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ വാദിക്കുന്നു.
---------------
Hindusthan Samachar / Roshith K