Enter your Email Address to subscribe to our newsletters

Kerala, 28 ഒക്റ്റോബര്‍ (H.S.)
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊന്‍ ത’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തോട് അടുക്കുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാടക്കു സമീപം മച്ചല്ലിപട്ടണത്തിന് തെക്ക്–കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത് . തീരത്ത് എത്തുമ്പോള്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാ, ഒഡിഷ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. ആന്ധ്രയിലെ 23 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടാണ്. കാക്കിനടയിലും പരിസരങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഏല്ലാ സർവിസുകളും ഇൻഡിഗോയും, എയർ ഇന്ത്യയും റദ്ദാക്കി. വിശാഖപട്ടണം വഴി കടന്നു പോകുന്ന 43 ട്രെയിനുകൾ റദ്ദാക്കി.
ഇന്നലെ രാത്രി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങൾ വിലയിരുത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയുണ്ട്. ആന്ധ്രായിലെ കാക്കിനട, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി,കൊനസീമ എലൂരു ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച വരെ അടച്ചു.
സംസ്ഥാന ആഭ്യന്തര, ദുരന്തനിവാരണ മന്ത്രി വംഗലപുടി അനിത കഴിഞ്ഞ ദിവസം തഡേപള്ളിയിൽ ഉദ്യോഗസ്ഥരുമായി തയ്യാറെടുപ്പ് അവലോകനം ചെയ്തു. എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെയും തീരദേശ നിവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും അവർ നിർദ്ദേശിച്ചു.
ഫലപ്രദമായ ദുരിതാശ്വാസ, പുനരധിവാസ നടപടികൾ ഉറപ്പാക്കുന്നതിന്, എല്ലാ തീരദേശ, സമീപ ജില്ലകളിലും സ്പെഷ്യൽ ഓഫീസർമാരായി സംസ്ഥാന സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അവരവരുടെ നിയുക്ത ജില്ലകളിൽ ഉടൻ എത്തിച്ചേരാനും, സൈക്ലോൺ കൺട്രോൾ റൂമുകൾ സ്ഥാപിക്കാനും, ജില്ലാ കളക്ടർമാരുമായി ഏകോപിപ്പിക്കാനും, രക്ഷാപ്രവർത്തനങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനു ശേഷമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തലും നഷ്ടപരിഹാര വിതരണവും ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.
കഠിനമായ കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത്, നിരവധി ജില്ലാ ഭരണകൂടങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K