Enter your Email Address to subscribe to our newsletters

Bengaluru, 28 ഒക്റ്റോബര്‍ (H.S.)
ആര്‍എസ്എസ് പരിപാടികള്‍ ലക്ഷ്യമിട്ട് ഉത്തരവിറക്കിയ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. പൊതുയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് ഉത്തരവ്് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല സ്റ്റേ അനുവദിച്ചത് കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ചാണ്. കേസ് നവംബര്‍ 17ന് വീണ്ടും പരിഗണിക്കും. അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് പുനശ്ചൈതന്യ സേവാ സംസ്ഥെ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ഈ നീക്കം ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ വാദിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ സ്റ്റേ ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ പൊതു-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജ് ഗ്രൗണ്ടുകളിലും മറ്റ് സ്ഥാപനപരമായ സ്ഥലങ്ങളിലും വകുപ്പ് മേധാവികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ അല്ലെങ്കില്‍ സാമൂഹിക സംഘടനകള്‍ പരിപാടികള്‍, യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും കര്‍ണാടക ലാന്‍ഡ് റവന്യൂ, വിദ്യാഭ്യാസ നിയമങ്ങള്‍ പ്രകാരം ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ധാര്‍വാഡ് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S