Enter your Email Address to subscribe to our newsletters

Kochi, 29 ഒക്റ്റോബര്‍ (H.S.)
എറണാകുളം കടവന്ത്രയില്‍ സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
അറസ്റ്റിലായ 25 വയസ്സുകാരന്റെ ഫോണില്‍ നിന്നും നിരവധി യുവതികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മലപ്പുറം എടപ്പാള്‍ സ്വദേശിയായ അജിത്ത് ബാബു എന്ന യുവാവ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാൻ ഇയാള്‍ ഓരോരുത്തരില്‍ നിന്നും 20,000 രൂപ വരെ ആവശ്യപ്പെട്ടതായി പരാതികളുണ്ട്. പ്രതി മുമ്ബ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും യുവതികളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് പോലീസിന് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
യുവതികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചും കൈക്കലാക്കിയും ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയതായി പരാതികളിലുണ്ട്. ഏറ്റവും ഒടുവില്‍ കടവന്ത്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായിരുന്ന അജിത്ത്, ട്രെയിനിയായി എത്തിയ യുവതിയോട് തട്ടിപ്പ് നടത്തിയത് ഏറെ ആസൂത്രിതമായാണ്.
വൈഫൈ കണക്‌ട് ചെയ്ത് തരാം എന്ന് പറഞ്ഞ് യുവതിയുടെ ഫോണ്‍ വാങ്ങിയ ഇയാള്‍, ഉടൻ തന്നെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി സ്വന്തം ഫോണിലേക്ക് അയക്കുകയായിരുന്നു. എന്തിനാണ് ഫോണ്‍ വാങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ 'സ്ഥാപനത്തിന്റെ സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കാണ്' എന്നാണ് അജിത്ത് മറുപടി നല്‍കിയത്.
മറ്റൊരു യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ട അജിത്ത് ബെംഗളൂരുവിലേക്ക് പോയിരുന്നു. അവിടെ വെച്ച്, നേരത്തെ കൈക്കലാക്കിയ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെയാണ് യുവതി കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തി ബെംഗളൂരുവില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR