കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിൻ്റെ മുന്നറിയിപ്പ്
Thiruvananthapuram, 29 ഒക്റ്റോബര്‍ (H.S.) കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. വിജയ സാധ്യതയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം സ്ഥാനാർഥി നിർണയം. ഏതെങ്കിലും ഒരു വ്യക്തി നയിക
Congress


Thiruvananthapuram, 29 ഒക്റ്റോബര്‍ (H.S.)

കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. വിജയ സാധ്യതയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം സ്ഥാനാർഥി നിർണയം. ഏതെങ്കിലും ഒരു വ്യക്തി നയിക്കുമെന്ന തരത്തിലുള്ള പ്രചരണം വേണ്ടെന്നും ഐക്യത്തോടെ മുന്നോട്ട് പോയില്ലെങ്കിൽ തിരിച്ചടി പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും എന്നും എഐസിസി മുന്നറിയിപ്പ് നൽകി.

ഒറ്റക്കെട്ടാണെന്ന് പുറമേ പറഞ്ഞാൽ പോരാ അത് അണികൾക്കും ജനങ്ങൾക്കും ബോധ്യപ്പെടണം, അതിനായി തർക്കം ഇല്ലാതെ മുന്നോട്ടുപോകണം. ഇതാണ് എഐസിസി കേരളത്തിലെ നേതാക്കൾക്ക് നൽകിയ നിർദേശം. നിലവിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ അത് നേതാക്കൾ തമ്മിൽ സംസാരിച്ചു പരിഹരിക്കണം. ഒരുവട്ടം കൂടി ഭരണം കിട്ടാതിരുന്നാൽ ഉള്ള പ്രത്യാഘാതവും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ ബോധിപ്പിച്ചു.

കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിച്ച സംസ്ഥാന നേതാക്കൾ ഉന്നയിച്ച മറ്റൊരു പ്രധാനപ്പെട്ട പരാതി കെ.സി. വേണുഗോപാലിനെതിരെ ആയിരുന്നു. കെപിസിസി പുനഃസംഘടനയിലും യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലും ആധിപത്യം സ്ഥാപിക്കാൻ കെ.സി. വേണുഗോപാൽ സ്വന്തം ആളുകളെ കൂട്ടത്തോടെ നിയമിച്ചു. ഇതിന്റെ പേരിലുണ്ടായ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന് ആയിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

വി.ഡി. സതീശന്റെ പിടിവാശി കാരണം തീരുമാനിച്ച നേതൃയോഗം പോലും മാറ്റേണ്ടി വന്ന അവസ്ഥയും നേതാക്കൾ ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു. കെപിസിസി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട കെപിസിസി അധ്യക്ഷൻ മിക്കവാറും സ്ഥലത്തുണ്ടാകാറില്ലെന്നും പല നടപടികളും നേതൃത്വവുമായി ആലോചിക്കാതെ ആണെന്നുമുള്ള വിമർശനവും ഉയർന്നു. ഇതെല്ലാം കേട്ട് ഹൈക്കമാൻഡ് ഒറ്റ നിർദ്ദേശമാണ് മുന്നോട്ടുവച്ചത്- ചർച്ചകളിലൂടെ കേരളത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണം.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമ്പോൾ, ഗ്രൂപ്പ് സ്വന്തമായി തുടങ്ങിയുള്ള മാനദണ്ഡങ്ങൾ വേണ്ട പകരം വിജയ സാധ്യത മാത്രമാകണം മാനദണ്ഡം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങില്ല. അതെല്ലാം വിജയിച്ചശേഷം ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീരുമാനിക്കും. ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് ഹൈക്കമാൻഡിന് ഉറപ്പുനൽകിയാണ് കേരള നേതാക്കൾ തിരികെ എത്തിയത്. കെപിസിസി സെക്രട്ടറി പട്ടിക ഉടൻ പ്രഖ്യാപിക്കണം എന്നുള്ള ആവശ്യവും കേരള നേതൃത്വം ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News