Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ.
മുന്നണിയിലുള്ള പാർട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി ചർച്ച ചെയ്യുന്നത് അനാവശ്യമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. അത് സർക്കാരിനെയും ഇടതുമുന്നണിയെയും ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും ജയരാജൻ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
'മുന്നണി സംവിധാനത്തില്‍ ഓരോ കക്ഷിയുടെയും പ്രതിനിധികള്‍ നിയന്ത്രിക്കുന്ന വകുപ്പുകളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആ വകുപ്പിന്റെ പുരോഗതിയും ജനങ്ങളുടെ താല്‍പര്യവും മുൻനിർത്തിയുള്ളതാകണം. ഒറ്റപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവ മുന്നണി ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണ്,' എന്ന് ജയരാജൻ കുറിച്ചു.
ഇപി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും സമീപിക്കുക എന്ന കടമ നിർവഹിക്കാൻ ഏവരും മുന്നോട്ട് വരണം. രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് - വർഗീയ ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമ. ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാൻ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീർക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സർക്കാറിന്റെയും ഇഛാശക്തിയോടെയുള്ള പ്രവർത്തനങ്ങള്‍ കൊണ്ടുമാത്രമാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികള്‍ക്ക് ചില വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായേക്കാം. മുന്നണി സംവിധാനത്തില്‍ ഓരോ കക്ഷിയുടെയും പ്രതിനിധികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വികസനം ലക്ഷ്യമിട്ടും നാടിന്റെ പൊതുവായ താല്‍പര്യം മുന്നില്‍ കണ്ടുമാണ്. അത്തരത്തില്‍ തീരുമാനങ്ങളെടുക്കുമ്ബോള്‍ ഒറ്റപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അത്തരം വിഷയങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കാനും സംവിധാനമുണ്ട്. ഉഭയകക്ഷി ചർച്ചയിലൂടെയും മുന്നണി യോഗത്തില്‍ പൊതുചർച്ചയിലൂടെയും പരിഹരിക്കാൻ കഴിയുന്നതേ ഉള്ളു.
അതിന് പകരം പരസ്യമായ വിവാദം സൃഷ്ടിക്കപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും സർക്കാറിനേയും ദുർബലപ്പെടുത്താനെ സഹായിക്കൂ.
രാജ്യം അഭിമുഖീകരിക്കുന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാർടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്ബോള്‍ ദുർബലപ്പെടുന്നത് ഈ കാഴ്ചപ്പാടാണ്.
കഴിഞ്ഞ ഒമ്ബതര വർഷത്തെ എല്‍ഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികള്‍ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകർന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഘട്ടത്തിലും വലതു മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചു. അത്തരം പ്രചാരണങ്ങള്‍ അപ്പാടെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.
അങ്ങനെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്.
ഈ ഘട്ടത്തില്‍ കൂടുതല്‍ ഐക്യത്തോടെ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കും വേണ്ടി വർധിത ശക്തിയോടെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നാണ് കേരള ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആ പ്രതീക്ഷയ്‌ക്കൊത്താണ് ഉയർന്ന ബോധത്തോടെ നാം പ്രവർത്തിച്ചതും പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കേണ്ടതും. മുന്നണിക്കകത്ത് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചർച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും. ഈ ഉയർന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ നമുക്ക് കഴിയും. എതിരാളികളുടെ മനക്കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR