ഭൂമിക്ക് സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന കേരളമാണ് ലക്ഷ്യം: മന്ത്രി കെ .രാജൻ
Thiruvananthapuram, 29 ഒക്റ്റോബര്‍ (H.S.) അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത, ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളം എന്നതാണ് 2031ൽ സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികത്തിൽ സർക്കാരിൻ്റെ ലക്ഷ
K Rajan


Thiruvananthapuram, 29 ഒക്റ്റോബര്‍ (H.S.)

അതിർത്തി തർക്കങ്ങൾ ഒന്നും ഇല്ലാത്ത, ഭൂമിക്ക് പൂർണമായും സർക്കാർ ഗ്യാരൻ്റി കൊടുക്കാൻ കഴിയുന്ന, എല്ലാവരുടെയും ഭൂമിക്ക് രേഖയുള്ള കേരളം എന്നതാണ് 2031ൽ സംസ്ഥാന രൂപീകരണത്തിൻ്റെ 75-ാം വാർഷികത്തിൽ സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. കോവളം പുതിയതുറയിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പത്ത് വർഷത്തിനുള്ളിൽ റവന്യൂ വകുപ്പ് നാല് ലക്ഷത്തിലധികം പട്ടയങ്ങൾ അനുവദിച്ചു. ദീർഘകാലം പട്ടയം കൊടുക്കാൻ കഴിയാതിരുന്ന കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്കും പട്ടയം നൽകാൻ സാധിച്ചു. കോവളത്ത് പതിറ്റാണ്ടുകളോളം കടൽ പുറമ്പോക്കിൽ താമസിച്ചിരുന്ന അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാനായി സർകാർ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി.

സർക്കാരിൻ്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഈ കുടുംബങ്ങൾ ഇന്ന് ഭൂമിയുടെ അവകാശികളായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ വനാവകാശ രേഖകളുടെ എല്ലാ അപേക്ഷകളും പൂർത്തീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കരുംകുളം വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭൂമി ലഭ്യമാക്കി, ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എന്ന ആശയത്തിലൂന്നിക്കൊണ്ട് സംഘടിപ്പിച്ച പട്ടയമേളയിൽ ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 955 പട്ടയങ്ങൾ വിതരണം ചെയ്തു. 833 എൽ.എ പട്ടയങ്ങളും ആദിവാസി വിഭാഗങ്ങൾക്കുള്ള 72 വനാവകാശ രേഖകളും ഇതിൽ ഉൾപ്പെടും.

എംഎൽഎമാരായ എം.വിൻസെൻ്റ്, വി.ജോയി, കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, കരുംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ഫ്രിഡ സൈമൺ, ജില്ലാ കളക്ടർ അനു കുമാരി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News