Enter your Email Address to subscribe to our newsletters

Kerala, 29 ഒക്റ്റോബര്‍ (H.S.)
സാധാരണക്കാരനും ഗ്രാമീണ ജനതയ്ക്കും മെച്ചപ്പെട്ട തൊഴിലവസരവും സാമ്പത്തിക ഭദ്രതയും മികച്ച ബാങ്കിംഗ് സൌകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കേരള ബാങ്ക്, രൂപീകരണ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന വളര്‍ച്ച നേടിയിരിക്കുകയാണെന്ന് മന്ത്രി വി.എന്‍ വാസവന്‍.
കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതി വിജയകരമായ 5 വർഷം ഈ നവംബർ മാസം പൂർത്തിയാക്കുന്നതോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാച്ഛാദനവും ബാങ്ക് ഹെഡ് ഓഫീസില്‍ ബഹു. മന്ത്രി നിര്‍വ്വഹിച്ചു.
പത്ര സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല്‍, വൈസ് പ്രസിഡന്റ് ശ്രീ. എം.കെ. കണ്ണൻ, സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എന്‍ മാധവന്‍ IAS ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ശ്രീ. വി. രവീന്ദ്രന്‍ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. ജോര്‍ട്ടി. എം. ചാക്കോ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
• ബിസിനിസ്സ് നേട്ടം – 2019-20 ൽ 101194.41 കോടി രൂപയായിരുന്ന ബാങ്കിന്റെ ബിസിനസ്സ് ഇപ്പോൾ 124000 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 23000 കോടിയോളം രൂപയുടെ ബിസിനസ്സാണ് 5 വർഷം കൊണ്ട് ഉയർത്താനായത്. 2024 സെപ്തംബർ മുതൽ 2025 സെപ്റ്റംബർ വരെ ബിസിനസ്സിൽ 7900 കോടി രൂപ വർദ്ധിച്ചു.
• നിക്ഷേപം –31-03-2020 ൽ 61037 കോടി രൂപയായിരുന്ന ബാങ്കിന്റെ നിക്ഷേപം നിലവിൽ 71877 കോടി രൂപയായി വർദ്ധിച്ചു. 2024 സെപ്തംബർ മുതൽ 2025 സെപ്റ്റംബർ വരെ നിക്ഷേപത്തിൽ 5543 കോടി രൂപയുടെ വർദ്ധനവാണ് വന്നിട്ടുള്ളത്.
• വായ്പാ ബാക്കിനിൽപ്പ് – നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താണ് കേരള ബാങ്ക് വായ്പകൾ. പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞു. നിലവിൽ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുന്ന Credit History കുറഞ്ഞ സാധാരണക്കാരായ ആളുകൾക്കും ഒരു കൈത്താങ്ങാണ് കേരള ബാങ്ക്. മറ്റു ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ നിന്ന് സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിന്റെ തന്നെ വികസനത്തിനാണ് ഉപയുക്തമാകുന്നത്.
• 100 Golden Days Campaign കൊള്ളപലിശക്കാരിൽ നിന്നും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾ തടഞ്ഞ് മിതമായ പലിശ നിരക്കിൽ അമിത ചാർജ്ജൊന്നും ഈടാക്കാതെ സാധാരണ ഉപഭോക്താവിന് അത്യാവശ്യങ്ങൾ നിറവേറ്റാൻ ഉടൻ വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച 100 Golden Days Campaign 97 ദിവസം പിന്നിട്ടപ്പോൾ 2477 കോടി രൂപയുടെ വർദ്ധനവാണ് നേടാനായത്.
o ജൂലൈ 24 മുതൽ ഒക്ടോബർ 31 വരെയുള്ള 100 ദിവസംകൊണ്ട് 1500 കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പ ബാക്കിനിൽപ്പ് വർദ്ധനവാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമാക്കിയതിനേക്കാൾ 1000 കോടിയോളം രൂപ അധികമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 109376 പുതിയ ഗോൾഡ് ലോൺ അക്കൗണ്ടുകളിലൂടെയാണ് 97ദിവസം കൊണ്ട് 2477 കോടി രൂപ അനുവദിച്ചത്. ഈ കാലയളവിൽ 17000 ഓളം പുതിയ ഇടപാടുകാരും ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
o Risk Weightage കുറഞ്ഞ 1 ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പയിൽ മാത്രം ഈ കാലയളവിൽ 343 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായി. 100 രൂപയ്ക്ക് 77 പൈസ മാത്രമാണ് ഒരു മാസം പലിശയിനത്തിൽ ഈടാക്കുന്നത്. 13 ലധികം സ്വർണ്ണപ്പണയ വായ്പാ പദ്ധതികളാണ് നിലവിൽ കേരള ബാങ്കിലുള്ളത്.
o കളക്ഷൻ ഏജന്റ് / അപ്രൈസർക്ക് ഓരോ ഗോൾഡ് ലോണിനും പ്രത്യേക ഇൻസെന്റീവും ബാങ്ക് അനുവദിച്ചിട്ടുണ്ട്.
• പ്രവാസി വായ്പകളും, കാർഷിക വായ്പകളും 10 ൽ അധികം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പകളും (MSME) 10 ൽ അധികം വനിതാ വായ്പകളും ഉൾപ്പെടെ 50 ൽ അധികം വായ്പാ പദ്ധതികൾ കേരള ബാങ്കിലൂണ്ട്. ആകെ വായ്പയുടെ 27% ൽ അധികം തുക കാർഷിക മേഖലയ്ക്ക് അനുവദിക്കുന്നു. 31-03-2025 ലെ കണക്ക് പ്രകാരം കാർഷിക വായ്പാ ബാക്കിനിൽപ്പ് 13129 കോടി രൂപയാണ്.
• കേരളത്തിലെ ആഭ്യന്തര പാലുല്പാദനം വർദ്ധിപ്പിക്കുന്നതിന് മിൽമയുമായി ചേർന്ന് ക്ഷീരകർഷകർക്ക് 3 ലക്ഷം രൂപ വരെ ക്ഷീരമിത്ര മിൽമ വായ്പ അനുവദിക്കുന്നു. കൂടാതെ 1 ലക്ഷം രൂപയുടെ മിൽമ ഫ്രാഞ്ചൈസി വായ്പയും ആരംഭിച്ചിട്ടുണ്ട്. 10.6 ലക്ഷത്തിലധികം ക്ഷീരകർഷകർക്കും 30000 ൽ അധികം പാൽ വിതരണ ഏജൻസികൾക്കും പ്രയോജനം ലഭിക്കും. 250 കോടി രൂപയാണ് ക്ഷീരമിത്ര മിൽമ വായ്പയായി ക്ഷീരകർഷകരിലേയ്ക്ക് എത്തിക്കാൻ ഈ സാമ്പത്തിക വർഷം ബാങ്ക് വകയിരുത്തിയിട്ടുള്ളത്.
• ഐ.ടി. കോൺക്ലേവ് - വ്യത്യസ്ത കോർ ബാങ്കിംഗ് സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന 14 ബാങ്കുകളുടെ ലയനം സമയബന്ധിതമായ നടപടികളിലൂടെ അതിവേഗം പൂർത്തിയാക്കുകയും 2023 ഏപ്രിൽ മുതൽ UPI ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങളും സഹകരണ മേഖലയിലെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കാൻ കഴിഞ്ഞു. പിൻതുണ നൽകിയ നബാർഡ്, സർക്കാർ പ്രതിനിധികൾ, ഇതിൽ സഹകരിച്ച അന്തർ ദേശിയ തലത്തിൽ ശ്രദ്ധ നേടിയ സോഫ്റ്റ് വെയർ ദാതാക്കളായ ഇൻഫോസിസ്, വിപ്രോ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി എറണാകുളത്ത് സംഘടിപ്പിച്ച ഐ.ടി. കോൺക്ലേവ് ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു. നബാർഡ് ചെയർമാൻ ശ്രീ. ഷാജി. കെ.വി. പങ്കെടുത്ത ചടങ്ങിൽ വച്ച് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഏറ്റവും നൂതനമായ ഐ.ടി. സംവിധാനങ്ങൾ ഒരുക്കുന്നതിലേയ്ക്കായി സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഹബ്ബ് എറണാകുളം കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. ഐ.ടി. സേവനങ്ങൾ ഏറ്റവും ചിലവു കുറഞ്ഞ നിരക്കിൽ കേരള ബാങ്കിനും സഹകരണ സ്ഥാപനങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമാക്കുന്നത്. ഐ.ടി. രംഗത്തും സഹകരണ മേഖലയുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് തുറന്നു വരുന്നത്.
• ബാങ്കിംഗ് രംഗത്തെ ജനകീയ മുഖം
ആധുനികവൽക്കരണത്തോടൊപ്പം സമൂഹത്തിന്റെ അടിത്തറയായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലൂടെ ഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പാക്കാനുള്ള പരിശ്രമവും സഹകരണ മേഖലയുടെ അഭിമാനമായ കേരള ബാങ്ക് നടപ്പിലാക്കുന്നുണ്ട്.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ നവീകരണത്തിലൂടെ ആ പ്രദേശത്തിന്റെ കാർഷിക അഭിവൃദ്ധിയും തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കുന്നതിന് നബാർഡ് ധനസഹായത്തോടെ 2020-21 കാലഘട്ടം മുതൽ നടപ്പിലാക്കുന്ന PACS as MSC / AIF വായ്പയിലൂടെ ഇതുവരെ 467.04 കോടി രൂപ 216 പ്രോജക്ടുകൾക്കായി അനുവദിച്ചിട്ടുണ്ട്. ഇതര സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾ, FPO കൾ എന്നിവർക്ക് 3 ശതമാനം പലിശ ഇളവോടെ 6 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ അനുവദിക്കുന്നു.
കേരള ബാങ്ക് വയനാട് ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ജീവനക്കാർ സമാഹരിച്ച 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകുകയും ചെയ്തു.
തിരിച്ചടവു ശേഷിയില്ലാത്ത വിവിധ ജില്ലകളിലെ 70 ലധികം വായ്പക്കാരുടെ വായ്പാ കുടിശ്ശിക ജീവനക്കാർ മുൻകൈ എടുത്ത് അടച്ചു തീർത്ത് പ്രമാണം തിരികെ നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ടി.ബി. സെൽ വഴി രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കുള്ള ധനസഹായവും കേരള ബാങ്ക് നൽകുന്നു.
• ഒരുമിച്ചുയരാം PACS ശാക്തീകരണ ശിൽപ്പശാല
നെഗറ്റീവ് നെറ്റ് വർത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ നവീകരണം ലക്ഷ്യമാക്കി 2000-ൽ അധികം സഹകാരികൾക്ക് ഘട്ടം ഘട്ടമായി തിരുവനന്തപുരം മൺവിളയിലുള്ള Agricultural Co-operative Staff Training Institute-ൽ ‘ഒരുമിച്ചുയരാം’ എന്ന പേരിൽ ശിൽപശാല നടന്നു വരുകയാണ്. 2025 ജൂലൈ 15 മുതൽ ആരംഭിച്ച ത്രിദിന ശിൽപശാലയിൽ സംഘത്തിലെ പ്രസിഡന്റ്, സെക്രട്ടറി, കമ്മറ്റി അംഗം, സീനിയർ ഉദ്യോഗസ്ഥൻ എന്നിവരാണ് പങ്കെടുക്കുന്നത്. ഓരോ സംഘത്തേയും ഏറ്റവും മികച്ച പ്രവർത്തന ലാഭമുള്ളവരാക്കി മാറ്റുവാനുള്ള പരിശീലനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. 6 ബാച്ചുകളിലായി 500 ലധികം സഹകാരികൾക്ക് ഇതുവരെ ട്രെയിനിംഗ് നൽകിക്കഴിഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR