കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം പോലീസില്‍ പരാതി നല്‍കി, നിഷേധിച്ച്‌ ആശുപത്രി അധികൃതര്‍
Kottayam, 29 ഒക്റ്റോബര്‍ (H.S.) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ ചികിത്സാപ്പിഴവ് വീട്ടമ്മയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയെന്ന് ആരോപിച്ച്‌ കുടുംബം രംഗത്ത്. അമിതമായി മരുന്ന് നല്‍കിയതിനാല്‍ രോഗിയുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പരാതിയുമായാണ് കുടു
Medical negligence


Kottayam, 29 ഒക്റ്റോബര്‍ (H.S.)

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ ചികിത്സാപ്പിഴവ് വീട്ടമ്മയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയെന്ന് ആരോപിച്ച്‌ കുടുംബം രംഗത്ത്.

അമിതമായി മരുന്ന് നല്‍കിയതിനാല്‍ രോഗിയുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പരാതിയുമായാണ് കുടുംബം രംഗത്തെത്തിയിട്ടുള്ളത്. കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിട്ടുള്ളത്. ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ ശാലിനി മരിക്കാനിടയായത് ആശുപത്രിയുടെ വീഴ്ച മൂലമാണെന്ന് ചൂണ്ടിക്കാണിച്ച്‌ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധനയ്ക്കിടെ ശാലിനിക്ക് ഹൃദയാഘാതമുണ്ടായതായും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് ആശുപത്രി അധികൃതർ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ മാസമാണ് ഗർഭാശയ സംബന്ധമായ അസുഖത്തിന് ചികിത്സതേടി 49കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഇവിടുത്തെ ഗൈനക്കോളജി വിഭാഗത്തില്‍ അന്ന് പ്രാഥമിക പരിശോധനകള്‍ നടത്തി. വിശദമായ ഡിആൻഡ്സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു. മരുമകള്‍ മിഥിലയ്ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയില്‍ എത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നല്‍കി.

എന്നാല്‍ ഇതേതുടർന്ന് ശാലിനിയുടെ അവസ്ഥ വഷളാവുകയും ഐസിയുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റുകയും ചെയ്തെങ്കിലും മരണം സംഭവിച്ചു. അമിതമായി മരുന്ന് നല്‍കിയതിനാലാണ് മരണം സംഭവിച്ചതെന്നാണ് കുടുംബംപറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും കുടുംബം പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രി അധികൃധർ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്. ചികിത്സാപ്പിഴവല്ല ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഡിആൻഡ്സി പരിശോധനയ്ക്ക് ആയി ശാലിനിക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ ആറ് തവണ ഇവർക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് അധികൃതർ പറഞ്ഞത്. സംഭവത്തില്‍ ശാലിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News