Enter your Email Address to subscribe to our newsletters

Thiruvananthapuram,29 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്തയക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രൂക്ഷമായി പ്രതികരിച്ചു.
ഇത് സിപിഐയുടെ പ്രതിഷേധം തണുപ്പിക്കാനുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. കേവലം രാഷ്ട്രീയപരമായ ഒത്തുതീർപ്പിനും തന്ത്രപരമായ ഒളിച്ചുകളിക്കും വേണ്ടിയുള്ള അടവുനയമാണിതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
സിപിഐ 'മയക്കുവെടിയേറ്റോ' എന്ന് വ്യക്തമാക്കേണ്ടത് അവരാണെന്ന് അദ്ദേഹം പരിഹസിച്ചു. ധാരണാപത്രം റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. പദ്ധതി മരവിപ്പിക്കാനുള്ള നിർദ്ദേശം പ്രായോഗികമല്ല, ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ബിജെപി-സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയില്‍ നടന്ന ചർച്ചകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ചർച്ചകള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെപിസിസി യോഗം ചേരുന്ന സമയം ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള അടവ് നയമാണ് ഇതെന്നും ധാരണാപത്രം റദ്ദാക്കാന്‍ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാരും സിപിഎമ്മും ആദ്യം വഴങ്ങാതിരുന്നെങ്കിലും പിന്നീട് സിപിഎമ്മിനോട് അനുനയവുമായി എത്തുകയായിരുന്നു. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കംതുടങ്ങിയിട്ടുണ്ട്. പദ്ധതി റദ്ദാക്കണമെന്നോ ഇളവ് ആവശ്യപ്പെട്ടോ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും.
ഇന്നു രാവിലെ എ കെ ജി സെന്ററില്‍ നടന്ന സി പി എമ്മിന്റെ അവെയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കണമെന്ന ഉപാധിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഐ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR