Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു വസന്ത.
പത്തു ദിവസം മുന്‍പാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വീട്ടിലെ മറ്റുള്ളവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 31 ആയി.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ദിച്ച് ആരോഗ്യവകുപ്പ് പഠനം ആരംഭിച്ചിരുന്നു. രോഗം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനമാണ് ആരംഭിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. ആരോഗ്യ വുപ്പിന്റെ നേതൃത്വത്തില്‍ 2024 ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍ പഠനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ഫീല്‍ഡുതല പഠനം.
അമീബിക്ക് മസ്തിഷ്‌കജ്വരം - പ്രതിരോധ മാര്‍ഗങ്ങള്‍
· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
· ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.
· സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
· തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
· ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
· പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
· പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.
---------------
Hindusthan Samachar / Sreejith S