നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ആസൂത്രണവും, ദൃഢനിശ്ചയവുമാണ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍; സിപിഎം
Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.) കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് സിപിഎം. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവെപ്പുകളാലും സമ്പന്നമാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതി
CPM


Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)

കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് സിപിഎം. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവെപ്പുകളാലും സമ്പന്നമാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം തന്നെ സാക്ഷാത്കരിക്കപ്പെട്ട മണ്ണില്‍ പുരോഗതിയുടെ പുതിയ വഴികളിലൂടെ സര്‍ക്കാര്‍ നീങ്ങുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. പശ്ചാത്തല സൗകര്യ വികസനത്തിലെ വന്‍കുതിപ്പിനോടൊപ്പമാണ് ഇത്തരം ഇടപെടല്‍ കൂടി സര്‍ക്കാര്‍ നടത്തുന്നത്.

കേരള വികസനത്തിന്റെ നേട്ടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ എത്തിക്കുകയെന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് 1,000 രൂപ സുരക്ഷാ പെന്‍ഷന്‍ 31.34 ലക്ഷം സ്ത്രീകള്‍ക്ക് അനുവദിക്കുന്നതിലൂടെ ഉണ്ടാവുന്നത്. കുടുംബശ്രീയുടെ 19,477 എ.ഡി.എസിന് പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതിയും ഇതിന്റെ തുടര്‍ച്ചയാണ്.

ക്ഷേമ പെന്‍ഷനുകള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനം ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുള്ള ബദല് കൂടി ഉള്‍ക്കൊള്ളുന്നതാണ്. കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടേയും, അംഗനവാടി ജീവനക്കാരുടേയും പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്.

സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വ്യവസായങ്ങളെ കാണുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഖാദി തൊഴിലാളികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും 104 കോടി നീക്കിവെച്ച സര്‍ക്കാര്‍ ഇടപെടല്‍. ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാന്‍വീവ്, ഹാന്‍ടെക്സ് എന്നീ സ്ഥാപനങ്ങള്‍ക്കും 21 കോടി നല്‍കുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. കേരള വികസന കോര്‍പ്പറേഷന്‍, ബാംബു കോര്‍പ്പറേഷന്‍, മരം കയറുന്നവര്‍ക്കുള്ള പെന്‍ഷന്‍, തോട്ടം തൊഴിലാളികള്‍ക്കുള്ള ധനസഹായവും സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.

അംഗനവാടി വര്‍ക്കര്‍മാരുടേയും, ആശാ വര്‍ക്കര്‍മാരുടേയും, പ്രതിമാസ ഓണറേറിയം 1,000 രൂപ വര്‍ദ്ധിപ്പിച്ചത് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരം കൂടിയാണ്. സാക്ഷരതാ പ്രേരക്മാരുടേയും പ്രതിമാസ ഓണറേറിയം 1,000 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കുട്ടികള്‍ക്ക് സംരക്ഷണത്തിന്റെ വലയമൊരുക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ച കൂടിയാണ് പ്രീപ്രൈമറി ടീച്ചര്‍മാരുടേയും, ആയമാരുടേയും പ്രതിമാസ വേതനം 1,000 രൂപ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ പ്രഖ്യാപനം.

സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയാണ് പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടേയും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടേയും സ്‌കോളര്‍ഷിപ്പിലെ വര്‍ദ്ധനവിലൂടെ വ്യക്തമാകുന്നത്. വിവിധ വിഭാഗങ്ങളിലെ മിശ്ര വിവാഹിതര്‍ക്കുള്ള ധനസഹായമെന്ന നിലയില്‍ 78 കോടി രൂപ നീക്കിവെച്ചതും സാമൂഹ്യ മുന്നേറ്റത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന 10 പദ്ധതികള്‍ക്ക് കുടിശ്ശികയും തീര്‍ക്കുമെന്നുള്ള പ്രഖ്യാപനവും ഇതിന്റെ തുടര്‍ച്ചയാണ്. ക്യാന്‍സര്‍, ക്ഷയം തുടങ്ങിയ രോഗബാധിതരേയും സര്‍ക്കാര്‍ പ്രത്യേക പരിഗണന തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെന്‍ഷന്‍ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവെച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4 ശതമാനം ഡി.എ നവംബര്‍ മാസത്തില്‍ തന്നെ ശമ്പളത്തിനോടും, പെന്‍ഷനോടും ഒപ്പം നല്‍കുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞിട്ടുണ്ട്. 11-ാം ശമ്പള പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 2016 ഏപ്രിലിന് ശേഷമുള്ള കുടിശ്ശി പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനവും സിവില്‍ സര്‍വ്വീസിനെ ദുര്‍ബലപ്പെടുത്തുന്ന ആഗോളവല്‍ക്കരണ നയങ്ങളുടെ വഴിയിലല്ല സര്‍ക്കാരെന്ന് പ്രഖ്യാപിക്കുന്നതാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി 1,70,000 ത്തോളം കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കാതെ പോയത്. കേരളത്തിന്റെ വികസനത്തിനായി ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോയ കിഫ്ബിയേയും, പെന്‍ഷന്‍ ഫണ്ടിനേയും തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ഗവര്‍ണ്ണര്‍മാരെ ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളേയും, ഉന്നത വിദ്യാഭ്യാസ മേഖലയേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. ഇത്തരം നയങ്ങളെ പിന്തുണച്ചുകൊണ്ടാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫ് എം.പിമാരാവട്ടെ സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കുന്നതിനുള്ള ഇടപെടലുമായാണ് പാര്‍ലമെന്റില്‍ നിലകൊണ്ടത്.

ആഗോളവല്‍ക്കരണ നയങ്ങളുയര്‍ത്തുന്ന സാമ്പത്തിക പരിമിതികളും, കേന്ദ്ര സര്‍ക്കാരിന്റെ അവഗണനകളുടെ പരമ്പരകളേയും, പ്രതിപക്ഷത്തിന്റെ പ്രചരണ കോലാഹലങ്ങളും, വലതുപക്ഷ മാധ്യമങ്ങളുടെ തുടര്‍ച്ചയായ എതിര്‍പ്പുകളേയും എല്ലാം നേരിട്ടുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോകത്തെ ജനപക്ഷ സര്‍ക്കാരുകള്‍ക്കാകെ മാതൃകയാവുന്ന ഇടപെടലാണ് ഇത്. അതിനാല്‍, സര്‍ക്കാരിന്റെ ഈ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാടിന്റെ എല്ലാ ഭാഗത്തും ആഹ്ലാദ പ്രകടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും, നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളോടും പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News