Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)
നെല്ല് സംഭരണം സുഗമമാക്കാൻ സർക്കാരും മില്ലുടമകളും തമ്മിൽ ധാരണയായി. നെല്ല് സംസ്ക്കരണ മില്ലുടമകൾക്ക് 2022-23 സംഭരണ വർഷം ഔട്ട് ടേൺ റേഷ്യോയുമായി ബന്ധപ്പെട്ട് നൽകാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മില്ലുടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേൺ റേഷ്യോയിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നെല്ല് സംഭരിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. അതിനാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സര്‍ക്കാർ ധനസഹായം നൽകുന്നതിൽ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 സംഭരണവർഷം മുതൽ ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സർക്കാർ കൈക്കൊള്ളും.
നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂർണമായും മില്ലുടമകൾക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്, ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം ജി രാജമാണിക്യം, മില്ലുടമപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S