കണ്ണൂർ: എടപ്പുഴ വാളത്തോട് മേഖലയിൽ വീണ്ടും കാട്ടാന; വീടുകൾക്ക് സമീപം വരെ എത്തി: വ്യാപക കൃഷിനാശം
Kerala, 29 ഒക്റ്റോബര്‍ (H.S.) ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലയിൽ വീണ്ടുമെത്തി കാട്ടാന. വാളത്തോട് ടൗണിൽ വീടുകൾക്ക് സമീപം വരെ എത്തിയ കാട്ടാന വ്യാപക കൃഷിനാശം വരുത്തി. 2 ദിവസമായി തുടർച്ചയായി കാട്ടാന കൃഷിയിടങ്ങളിൽ എത്തുന്നുണ്ട
കണ്ണൂർ:  എടപ്പുഴ വാളത്തോട് മേഖലയിൽ വീണ്ടും കാട്ടാന; വീടുകൾക്ക് സമീപം വരെ എത്തി: വ്യാപക കൃഷിനാശം


Kerala, 29 ഒക്റ്റോബര്‍ (H.S.)

ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലയിൽ വീണ്ടുമെത്തി കാട്ടാന. വാളത്തോട് ടൗണിൽ വീടുകൾക്ക് സമീപം വരെ എത്തിയ കാട്ടാന വ്യാപക കൃഷിനാശം വരുത്തി. 2 ദിവസമായി തുടർച്ചയായി കാട്ടാന കൃഷിയിടങ്ങളിൽ എത്തുന്നുണ്ട്. ഇമ്മാനുവൽ മങ്കന്താനം, ഫിലോമിന തകിടിയേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൂടുതൽ നാശം വരുത്തിയത്. ഇവരുടെ വീടുകളോടു ചേർന്ന കൃഷിയിടങ്ങളിലെ വാഴ, കമുക്, തെങ്ങ്, കപ്പ, ഇഞ്ചി തുടങ്ങിയവ നശിപ്പിച്ചു.

ഇമ്മാനുവൽ മങ്കന്താനത്തിന്റെ വീടിന്റെ പിൻവശത്ത് ഇന്നലെ പുലർച്ചെയാണു കാട്ടാന എത്തിയത്. 100 ചുവട് മരച്ചീനി, 20 വാഴ, 4 തെങ്ങ് എന്നിവ നശിപ്പിച്ചു. 2 മാസം മുൻപും ഈ മേഖലയിൽ കാട്ടാന വൻനാശം വരുത്തിയിരുന്നു. പടക്കം പൊട്ടിച്ചിട്ടും വനത്തിലേക്കു മടങ്ങാതെ ആന ജനവാസ മേഖലയിൽ തന്നെ തമ്പടിക്കുന്നതിന്റെ ഭീതിയിലാണ് നാട്ടുകാർ.

ത്രിതല പഞ്ചായത്തും കൃഷി വകുപ്പ് ചേർന്നുള്ള പദ്ധതി പ്രകാരം ലക്ഷ്യമിട്ട സോളർ തൂക്കുവേലി നിർമാണം വാളത്തോട് മേഖലയിൽ പൂർത്തിയായില്ല. പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും മഴ നേരത്തേ എത്തിയതിനാൽ പ്രവൃത്തി നടത്താൻ സാധിച്ചില്ല. 1.700 കിലോമീറ്റർ ദൂരം സോളർ തൂക്കുവേലി പൂർത്തിയാക്കിയാൽ വാളത്തോട് മേഖലയിലെ കാട്ടാന ശല്യം തടയാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം ഒറ്റ ദിവസം കൊണ്ട് ആറളം ഫാമിൽ മാത്രം കാട്ടാനകൾ കുത്തിവീഴ്ത്തിയത് കായ്ഫലം ഉള്ള 30 തെങ്ങുകൾ. ബ്ലോക്ക് ഒന്നിലാണ് കഴിഞ്ഞരാത്രി ഇത്രയും തെങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ദിവസേന ഇവിടെ തെങ്ങുകൾ നശിപ്പിക്കുകയാണ്. പാലപ്പുഴ പുഴയോടു ചേർന്ന ഭാഗമാണിത്. മോഴയാനയും മൊട്ടുകൊമ്പനും ഉൾപ്പെടെയുളള ആനകൾ ഈ മേഖലയിൽ തന്നെ താവളമാക്കിയാണ് നാശം വിതയ്ക്കുന്നത്. ഒരാഴ്ചയിൽ 100 ൽ അധികം തെങ്ങുകൾ തകർത്തു. ഇതുവരെ 97.7 കോടി രൂപയുടെ നഷ്ടം ഫാമിൽ മാത്രം ഉണ്ടായി.

---------------

Hindusthan Samachar / Roshith K


Latest News