Enter your Email Address to subscribe to our newsletters

Kerala, 29 ഒക്റ്റോബര്‍ (H.S.)
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് വിവാദത്തില്‍ പെട്ട വിദ്യാര്‍ത്ഥിനിയെ പുതിയ സ്‌കൂളില്‍ ചേര്‍ത്തതായി പിതാവ്. പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസിലാണ് പെണ്‍കുട്ടിക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്. മകളെ പുതിയ സ്‌കൂളില്‍ ചേര്‍ത്തതിന് പിന്നാലെ പിതാവ് ഫേസ്ബുക്കില്‍ ചിത്രം സഹിതം വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചു. 'തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകള്‍ എത്തി' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
വിവാദം കോടതിയിലെത്തിയെങ്കിലും തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതായി ഹൈക്കോടതി അറിയിച്ചിരുന്നു. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും കേസില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
വിദ്യാഭ്യാസ വകുപ്പ് നേരത്തെ കോടതിയില്‍, കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിഷയം ഇടപെടേണ്ടത് അത്യാവശ്യമാണെന്നും നിലപാട് എടുത്തിരുന്നു. എന്നാല്‍, തങ്ങളുടെ സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നുമാണ് സ്‌കൂളിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിന്റെ നടപടിയില്‍ വീഴ്ച കണ്ടെത്തി നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്റ് റീത്താസ് സ്‌കൂളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് വിദ്യാര്‍ത്ഥിക്കായി പിതാവും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
---------------
Hindusthan Samachar / Sreejith S