Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഒരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യം നിർമ്മാർജനം - ഔദ്യോഗിക പ്രഖ്യാപനം നവംബർ 1 ന്
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്യ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്. ലോകത്തിൽ തന്നെ അപൂർവ്വം ചില പ്രദേശങ്ങൾ മാത്രമെ ഇത്തരത്തിൽ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. ആ പട്ടികയിലേക്ക് കേരളവും ചേർക്കപ്പെടുകയാണ്. സമൂഹത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കൈപിടിച്ച് ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് നടപ്പിലാക്കുന്നത്. ഇത് ലോകമാകെ അംഗീകരിക്കുന്ന കേരള മാതൃകയ്ക്ക് കൂടുതൽ തിളക്കം നൽകുന്ന നേട്ടമാണെന്ന് മുഖ്യമന്തി പറഞ്ഞു.
സ്ത്രീ സുരക്ഷാ പദ്ധതി
സർക്കാർ സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം പദ്ധതിയിലൂടെ ഉറപ്പാക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്
വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ്
കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി) പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
നവകേരളസദസ്സ് സംസ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികൾ, അതിൻറെ ഭാഗമായിയുള്ള ചർച്ചകൾ തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികൾക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കുന്നതും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S