കണ്ണൂർ: തകർന്നുതരിപ്പണമായി കൊട്ടിയൂർ ബോയ്സ്ടൗൺ ചുരം റോഡ്.
Iritty, 29 ഒക്റ്റോബര്‍ (H.S.) പാൽച്ചുരം: തകർന്നുതരിപ്പണമായി കൊട്ടിയൂർ ബോയ്സ്ടൗൺ ചുരം റോഡ്. അറ്റകുറ്റപ്പണി നടത്താതെ റോഡ് ഫണ്ട് ബോർഡും. പാൽച്ചുരം പള്ളി മുതൽ ബോയ്സ്ടൗൺ വരെയുള്ള പ്രദേശത്തെ ടാറിങ്ങാണു പൂർണമായി തകർന്നത്. ചുരത്തിലെ ഹെയർപിൻ വളവുകളിലെ കുഴ
കണ്ണൂർ:  തകർന്നുതരിപ്പണമായി കൊട്ടിയൂർ ബോയ്സ്ടൗൺ ചുരം റോഡ്.


Iritty, 29 ഒക്റ്റോബര്‍ (H.S.)

പാൽച്ചുരം: തകർന്നുതരിപ്പണമായി കൊട്ടിയൂർ ബോയ്സ്ടൗൺ ചുരം റോഡ്. അറ്റകുറ്റപ്പണി നടത്താതെ റോഡ് ഫണ്ട് ബോർഡും. പാൽച്ചുരം പള്ളി മുതൽ ബോയ്സ്ടൗൺ വരെയുള്ള പ്രദേശത്തെ ടാറിങ്ങാണു പൂർണമായി തകർന്നത്. ചുരത്തിലെ ഹെയർപിൻ വളവുകളിലെ കുഴികളിൽ ചെറുവാഹനങ്ങൾപെട്ടാൽ ഗതാഗതകുരുക്ക് ഉറപ്പ്. ചുരത്തിലെ വീതി കുറഞ്ഞ റോ‍ഡ് ഭാഗത്തെ ടാറിങ് തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിട്ടുമുണ്ട്.

എല്ലാവർഷവും അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ റോഡ് തകരുന്നതു പതിവാണ്. ഈ വർഷവും 10 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചെങ്കിലും പണികൾ ഒന്നും നടത്തിയിട്ടില്ല. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണി എളുപ്പമല്ലെന്നാണു പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

അതേസമയം ലോറി മറിഞ്ഞതിനെത്തുടർന്ന് കൃഷിയിടത്തിലുണ്ടായ നാശത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകൻ. പാൽച്ചുരത്തെ കാഞ്ഞിരത്താംകുഴി തോമസാണു കേളകം പൊലീസ്, കൊട്ടിയൂർ പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ പരാതി നൽകിയത്. റോഡിനു സമീപത്തെ ഒറ്റമുറിക്കട തകർന്നെന്നും കൃഷികൾ നശിച്ചെന്നുമാണു പരാതി.

ലോറി ഇടിച്ചതിനെത്തുടർന്ന് തകർന്ന സംരക്ഷണഭിത്തി നിർമിച്ചതു കമ്പി ഉപയോഗിക്കാതെയെന്നു കണ്ടെത്തി. കോൺക്രീറ്റ് സംരക്ഷണഭിത്തി തകർത്താണു ലോറി കൊക്കയിലേക്ക് വീണത്. ഈ കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ കമ്പിക്കു പകരം പ്ലാസ്റ്റിക് ചാക്കാണ് ഉണ്ടായിരുന്നത്. ഭിത്തി തകർന്നപ്പോഴാണു കള്ളി വെളിച്ചത്തായത്. ഏഴു വർഷം മുൻപാണ് ഈ സുരക്ഷാഭിത്തി നിർമിച്ചതെന്നു നാട്ടുകാർ പറയുന്നു.

പാൽചുരം റോഡിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി ആശ്രമം കവലയ്ക്കു സമീപം ലോറി അപകടത്തിൽപ്പെട്ടത് റോഡിൻറെ മോശം സാഹചര്യം കാരണമായിരുന്നു . കണ്ണൂർ ജില്ലയിലെ കൊളക്കാടുള്ള മാർഷൽ ഇൻഡസ്ട്രീസിലേക്ക് ഛത്തീസ്ഗഡിലെ റായ്പുരിൽനിന്നു കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ‍പെട്ടത്. അപകടത്തിൽ ഡ്രൈവർ മരിക്കുകയും ക്ലീനർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഗൂഗിൾ മാപ്പിൽ കണ്ണൂരിലേക്കുള്ള മാർഗം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡാണ് കാണിച്ചത്. ഈ വഴി അപകടകരമാണ് എന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ക്ലീനർ സെന്തിൽ കുമാർ രാമസ്വാമിയും മാർഷൽ ഇൻഡസ്ട്രീസ് ഉടമ ജയിംസ് കുര്യാക്കോസും മരിച്ച ഡ്രൈവർ എൽ.സെന്തിൽകുമാറി (54) നോട് പറഞ്ഞിരുന്നു. എന്നാൽ വേഗത്തിൽ സ്ഥലത്ത് എത്താൻ കഴിയുമെന്ന് പറഞ്ഞാണ് ഡ്രൈവർ ‌ഈ വഴി തിരഞ്ഞെടുത്തത്.

വാഹനത്തെ മൺതിട്ടയിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും മറുവശത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലാണ് ചെന്നിടിച്ചത്. ഇവ നിർമിക്കാൻ കമ്പി ഉപയോഗിച്ചിട്ടില്ല. പകരം പ്ലാസ്റ്റിക് ചാക്കുകളാണ് കോൺക്രീറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ഇവിടെയുള്ള വൈദ്യുതത്തൂണിലും ഇടിച്ച് ലോറി 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഇപ്പോൾ അപകടം ഉണ്ടായ സ്ഥലത്തിനടുത്താണ് രണ്ട് വർഷം മുൻപ് മറ്റൊരു ലോറി അപകടത്തിൽപെട്ടത്. ആ സംഭവത്തിലും ഒരാൾ മരിച്ചിരുന്നു. കൊട്ടിയൂരിലെ ഒരു പെട്രോൾ പമ്പ് നിർമിക്കുന്നതിനുള്ള ഉപകരണങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ 15 വർഷത്തിന് ഇടയിൽ മാത്രം ആറ് ലോറി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ നാല് അപകടങ്ങളിൽ ഡ്രൈവർമാർ മരിച്ചു.

---------------

Hindusthan Samachar / Roshith K


Latest News