Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ വിവാദത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് നിലപാടില്‍ സിപിഐ തുടരവേ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്. വൈകിട്ട് 3.30നാണ് യോഗം ചേരുന്നത്. സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ എല്ലാം തലസ്ഥാനത്ത് തന്നെ ഉണ്ട്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും.
സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി നടക്കുകയാണ്. അതിന്റെ ഭാഗമായാണ് മന്ത്രിസഭാ യോഗം വൈകീട്ട് മൂന്നരയിലേക്ക് മാറ്റിയത്. നേരത്തെ രാവിലെ ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്രവുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. അത്തരമൊരു തീരുമാനം ഉണ്ടെങ്കില്‍ മാത്രമേ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയുള്ളൂ. മറിച്ചുളള ഒരു സമവായവും സ്വീകാര്യമല്ല എന്ന നിലപാടിലാണ് സിപഐ.
എസ്എസ്‌കെ ഫണ്ട് വാങ്ങി പിഎം ശ്രീയില്‍ മെല്ലെ പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തുന്നുണ്ടെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. ഉപസമിതിയെ വച്ച് പഠനം എന്ന നിര്‍ദേശവും അംഗീകരിച്ചിട്ടില്ല. പരിഹാരത്തിന് നയപരമായ തീരുമാനം തന്നെ വേണം എന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. രാവിലെ 9 മണിക്ക് സിപിഐ അടിയന്തര സെക്രട്ടേറിയറ്റും പത്തുമണിക്ക് 10ന് സിപിഎം അവെയ്ലബിള്‍ സെക്രട്ടേറിയേറ്റും ചേരുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S