Enter your Email Address to subscribe to our newsletters

Ambala, 29 ഒക്റ്റോബര്‍ (H.S.)
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹരിയാനയിലെ അംബാല എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ പ്രധാന പങ്ക് വഹിച്ച എയര്‍ബേസാണ് അംബാലയിലേത്. ഇവിടെ നിന്നാണ് ദ്രൗപദി മുര്‍മു പറന്നുയര്‍ന്നത്.
രാഷ്ട്രപതിയുടെ രണ്ടാമത്തെ യുദ്ധവിമാന യാത്രയാണിത്. 2023 ഏപ്രില്‍ 8ന് അസമിലെ തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുഖോയ് 30 MKI വിമാനത്തില്‍ മുമ്പ് പറന്നിരുന്നു. ഫ്രഞ്ച് നിര്‍മ്മിത, അത്യാധുനിക 4.5 മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റാണ് റഫാല്‍. ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുന്നു.
റഫാല്‍ വിമാനങ്ങളുടെ പ്രധാന സ്‌ക്വാഡ്രണുകളില്‍ ഒന്നാണ് അംബാലയിലുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് അംബാല സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിമാരായ എപിജെ അബ്ദുള്‍ കലാം (2006), പ്രതിഭാ പാട്ടീല്‍ (2009) എന്നിവരും സുഖോയ് 30 MKI യുദ്ധവിമാനങ്ങളില്‍ പറന്നിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S