മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളല്ല: കെ.എന്‍. ബാലഗോപാല്‍
Thiruvananthapuram, 30 ഒക്റ്റോബര്‍ (H.S.) മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി. ഇടതുപക്ഷ മുന്നണി പറഞ്ഞ കാര്യങ്ങളാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പും പ്ര
K n balagopal


Thiruvananthapuram, 30 ഒക്റ്റോബര്‍ (H.S.)

മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി. ഇടതുപക്ഷ മുന്നണി പറഞ്ഞ കാര്യങ്ങളാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പും പ്രധാനമാണ്. എന്നാൽ തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല പറയുന്നത്. ഒരു ദിവസം കൊണ്ട് പ്രഖ്യാപിച്ചതല്ലെന്നും, അവസാനം വന്ന് പറഞ്ഞു ആ മാസം മാത്രം ചെയ്യാൻ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. 50000 കോടിയിലധികം കുറവാണ് സംസ്ഥാനത്ത് ഉള്ളത്. മന്ത്രിയായി ചുമതലയെടുത്ത സമയത്ത് കേന്ദ്രത്തിൽ നിന്ന് 30000കോടി രൂപയാണ് ലഭിച്ചിരുന്നത്. അത് ഇപ്പോൾ 7000 കോടിയായി കുറഞ്ഞു. ഒരു ലക്ഷത്തി 25,000 കോടിയുടെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു.

സംസ്ഥാനത്ത് ബുദ്ധിമുട്ട് ഉണ്ടായിട്ടും പിറകോട്ട് അല്ല പോയത്. അനാവശ്യ ചെലവുകൾ കുറച്ചു, തനത് വരുമാനമുയർത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാലും കേന്ദ്രം തരാനുള്ളത് തരുന്നില്ല.

പണം ചെലവാക്കുന്ന കാര്യങ്ങളിൽ വെട്ടിക്കുറവ് വരുത്തിയിട്ടില്ല. നികുതി വരുമാനത്തിൽ വർധനയുണ്ടെന്നും മന്ത്രി അറിയിച്ചു. കർഷകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കണം എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ വിവാദം മാധ്യമ സൃഷ്ടിയാണ്. പ്രതിപക്ഷം അരിവയ്ക്കാൻ വെള്ളം തിളപ്പിച്ചു വച്ചു. മുന്നണിയാകുമ്പോൾ വ്യത്യസ്തമായ അഭിപ്രായം വരും. പിഎം ശ്രീ വിവാദം വന്നതുകൊണ്ട് പ്രഖ്യാപിച്ചതാണോ ഇത്? മാസങ്ങൾ നീണ്ട പഠനങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം, പ്രചരണത്തിനു വേണ്ടി മാത്രമല്ല പ്രഖ്യാപനങ്ങൾ നടത്തിയത്.

പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ വ്യത്യസ്തമായ കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. അതിൽ ജനങ്ങൾ സംതൃപ്തരാണ്. മുഴുവൻ ആനുകൂല്യങ്ങളും കൊടുത്തു തീർത്തു. അപൂർവ്വം ചില പദ്ധതികളിൽ മാത്രമാണ് കുടിശികയെന്നും ബാലഗോപാൽ പറഞ്ഞു.

നെല്ലുസംഭരണത്തിൻ്റെ കാര്യത്തിൽ മില്ലുടമകളുടെ കുറച്ചു കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമെന്ന് അറിയിച്ചതാണ്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള ഭീഷണിയാണ്. സർക്കാരിനെയും കർഷകരെയും പ്രതിരോധത്തിൽ ആക്കാനുള്ള നീക്കമാണ് ഇതിനുപിന്നിൽ മില്ലുടമകൾ തിരുത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

30 രൂപ നെല്ല് സംഭരണ തുക പ്രഖ്യാപിച്ചത് മില്ലുഉടമകൾക്ക് ഇഷ്ടമല്ല. പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമാണെന്ന് സംശയമുണ്ട്. മില്ലുടമകളുടെ നിലപാട് ശരിയല്ല. മുഖ്യമന്ത്രിയുടെ വലിയ പിന്തുണ നൽകിയതാണ്. എന്നിട്ടും കർഷകരോടുള്ള വെല്ലുവിളിയാണ് ഉടമകൾ പ്രകടിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News