Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ഒക്റ്റോബര്‍ (H.S.)
കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ 'ശ്രം ശക്തി നീതി 2025' എന്ന പുതിയ കരട് തൊഴില്‍ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതുമാണ്.
ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കല്‍പ്പത്തെയും പൂര്‍ണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും 'രാജധര്‍മ്മം', 'ശ്രമ ധര്‍മ്മം' തുടങ്ങിയ സങ്കല്‍പ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്. ഇത് തൊഴിലാളികളെ 'അവകാശങ്ങളുള്ള പൗരന്മാര്‍' എന്ന നിലയില്‍ നിന്ന് 'വിധേയത്വമുള്ള അടിയാളര്‍' എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴില്‍ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങള്‍ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ്.
തൊഴിലും തൊഴില്‍ ക്ഷേമവും ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. എന്നാല്‍ ഈ കരട് നയം സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും നോക്കുകുത്തികളാക്കുന്നു. 'ലേബര്‍ & എംപ്ലോയ്മെന്റ് പോളിസി ഇവാലുവേഷന്‍ ഇന്‍ഡക്‌സ്' പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും, കേന്ദ്രത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ഇത് വഴിവെക്കും. ഇത് ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
തൊഴിലാളികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ തൊഴില്‍ സുരക്ഷ, മാന്യമായ മിനിമം വേതനം, സ്ഥിരം തൊഴില്‍ എന്നിവയെക്കുറിച്ച് ഈ നയം പൂര്‍ണ്ണമായും മൗനം പാലിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തെ 'തൊഴില്‍ ദാതാവ്' എന്ന ഓമനപ്പേരില്‍ ഒതുക്കുന്നത് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ്. ഇത് തൊഴില്‍ ചൂഷണം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.
തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കരട് നയം ഉടനടി പിന്‍വലിക്കണമെന്നും, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്ത് പുതിയ നയം രൂപീകരിക്കണമെന്നും കേരള സര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR