Enter your Email Address to subscribe to our newsletters

Kozhikode, 30 ഒക്റ്റോബര്‍ (H.S.)
വയസ്സുകാരി അതിഥി എസ് നമ്പൂതിരിയുടെ മരണത്തില്‍ അച്ഛനും രണ്ടാനമ്മയ്ക്കുമെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. കോഴിക്കോട് ബിലാത്തികുളത്ത് ഏഴ് വയസ്സുകാരി അതിഥി പട്ടിണിയും മര്‍ദനവും മൂലം മരിച്ച കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംലബീഗം എന്ന ദേവിക അന്തര്‍ജനത്തിനുമെതിരെ കൊലകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനുമുന്‍പ് പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനായി ഇരുവരെയും ഇന്ന് രാവിലെ 10.15-ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കോഴിക്കോട് നടക്കാവ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുവരെയും രാമനാട്ടുകരയില്‍ നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയിലേക്ക് കൊണ്ടുപോയി.
പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്.
സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 2013 ഏപ്രില്‍ 29-നാണ് അതിഥി മരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR