Enter your Email Address to subscribe to our newsletters

Bengaluru, 30 ഒക്റ്റോബര്‍ (H.S.)
ബെംഗളൂരുവിലാണ് റോഡില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ദമ്പതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവ് സഞ്ചരിച്ച ബൈക്കില്‍ മനഃപൂര്‍വം കാര്‍ ഇടിപ്പിച്ചാണ് കൃത്യം നടത്തിയത്. ദര്‍ശന്‍ എന്ന 24കാരണാണ് മരിച്ചത്. യുവാവിനോടൊപ്പം ഉണ്ടായിരുന്ന വരുണ്‍ എന്ന 24കാരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദര്‍ശന്‍ സഞ്ചരിച്ചിരുന്ന ബൈക്കും ദമ്പതികളുടെ കാറുമായി ചെറുതായൊന്നു തട്ടി. ഇതില്‍ കാറിന്റെ സൈഡ് മിറര്‍ തകരുകയും ചെയ്തു. തുടര്‍ന്ന് പേടിച്ച ദര്‍ശന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാല്‍, കാറിലുണ്ടായിരുന്ന ദമ്പതികള്‍ ദേഷ്യത്തില്‍ ബൈക്കിനെ പിന്തുടക്കുകയായിരുന്നു. ഏകദേശം 2 കിലോമീറ്ററോളമാണ് ഇവര്‍ ബൈക്കിനെ പിന്തുടര്‍ന്നത്. മനഃപൂര്‍വം കാറിടിപ്പിച്ച് ബൈക്ക് യാത്രികരെ റോഡിലേക്ക് തെറിപ്പിക്കുകയായിരുന്നു.
കാറോടിച്ച 34കാരനായ മനോജ് കുമാര്‍, ഇയാളുടെ ഭാര്യയായ 30 വയസുള്ള ആരതി ശര്‍മ്മ എന്നിവരെ പുട്ടേനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മനോജ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലകനാണെന്നാണ് വിവരം. ആദ്യം ഇത് സാധാരണ അപകടമായാണ് ജെപി നഗര്‍ ട്രാഫിക് പൊലീസ് കേസെടുത്തത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ മനഃപൂര്‍വം പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നു എന്ന് വ്യക്തമായത്.
അപകടത്തിന് ശേഷം പ്രതികള്‍ മുഖംമൂടി ധരിച്ച് സ്ഥലത്തെത്തി കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
---------------
Hindusthan Samachar / Sreejith S