Enter your Email Address to subscribe to our newsletters

Bihar, 30 ഒക്റ്റോബര്‍ (H.S.)
രണ്ടു വര്‍ഷത്തിനകം ബിഹാറില്‍ സീതാദേവീ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠാ കര്‍മം നിര്‍വഹിക്കും. ബിഹാറിലെ ഹില്‍സയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. രാമായണത്തിലെ സീതാ ദേവിയുടെ ജന്മദേശവുമായി ബിഹാറിനുള്ള സാംസ്‌കാരിക ബന്ധം സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷായുടെ പ്രഖ്യാപനം. 850 കോടി ചെലവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന് അഞ്ചു മാസം മുന്‍പ് അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്നാണ് ഭൂമിപൂജ നടത്തിയത്.
550 വര്‍ഷം മുമ്പ് തകര്‍ക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് 70 വര്‍ഷം തടഞ്ഞുവച്ചത് കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും ചേര്‍ന്നാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 2024 ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മം പ്രധാനമന്ത്രി നിര്‍വഹിച്ചതു മുതല്‍ ഹില്‍സയിലെ സൂര്യക്ഷേത്രത്തില്‍ ഒരു മണ്‍ചെരാത് അണയാതെ കത്തുകയാണെന്നും ഷാ പറഞ്ഞു.
ഛഠ് പൂജയെ അപമാനിച്ച ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പോടെ തുടച്ചുനീക്കപ്പെടുമെന്ന് ലഖിനസാരായിലെ പ്രചാരണ റാലിയില്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയെയും ഛഠ് പൂജയെയും അവഹേളിച്ച കോണ്‍ഗ്രസിനോട് ബിഹാര്‍ ജനത പ്രതികാരം ചെയ്യും. വോട്ടിങ് യന്ത്രത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ ജനം അമര്‍ത്തുമ്പോള്‍ അതിന്റെ പ്രകമ്പനം ഇറ്റലി വരെ അനുഭവപ്പെടണമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷായുടെ പ്രസംഗം.
---------------
Hindusthan Samachar / Sreejith S