Enter your Email Address to subscribe to our newsletters

Mumbai, 30 ഒക്റ്റോബര്‍ (H.S.)
വനിതാ ലോകകപ്പിന്റെ സെമി പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.
മറുപടി ബാറ്റിങ്ങില്‍ 13 റണ്‍സില്‍ നില്‍ക്കെ ഷെഫാലി വര്‍മയെയും 59ല്‍ നില്‍ക്കെ സ്മൃതി മന്ഥനയെയും നഷ്ടമായ ഇന്ത്യയ്ക്ക് ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണു കരുത്തായത്. കിം ഗാര്‍ത്താണ് രണ്ടു മുന്‍നിര ബാറ്റര്‍മാരെ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ജെമീമയും തകര്‍ത്തടിച്ചതോടെ 17 ഓവറില്‍ 100 ഉം 31.2 ഓവറില്‍ 200 ഉം കടന്ന് സ്‌കോര്‍ മുന്നേറി. മത്സരത്തിന്റെ 36-ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി.
മധ്യനിരയില്‍ ദീപ്തി ശര്‍മയും റിച്ച ഘോഷും വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ തകര്‍പ്പന്‍ ഫോം ഇന്ത്യയെ വിജയത്തിലെത്തിച്ചു. അവസാന 12 പന്തുകളില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൊളിനൂക്‌സിന്റെ 49-ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമന്‍ജ്യോത് കൗര്‍ ഇന്ത്യയുടെ വിജയമാഘോഷിച്ചു.
---------------
Hindusthan Samachar / Sreejith S