Enter your Email Address to subscribe to our newsletters

Mumbai, 30 ഒക്റ്റോബര്‍ (H.S.)
മുംബൈ നഗരത്തിലേക്ക് ഓഡീഷയില്‍ നിന്ന് എത്തിയ 17 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തില്‍ പോലീസ് ഓപ്പറേഷന്‍ വിജയം. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തില്‍ രാവിലെയാണ് രോഹിത് ആര്യ കുട്ടികളെ ബന്ദിയാക്കിയത്. വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാള്‍ ബന്ദിയാക്കുകയായിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ചില ആവശ്യങ്ങളുണ്ടെന്നു പറഞ്ഞ് ഇയാള്‍ ഒരു വിഡിയോയും പുറത്തുവിട്ടിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ രോഹിത് ആര്യയ്ക്കു വെടിയേല്‍ക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. കുട്ടികളെ സുരക്ഷിതരായി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടതായി മുംബൈ പൊലീസ് പറഞ്ഞു.
പ്രതി മാനസികരോഗിയാണോയെന്നു സംശയിക്കുന്നതായി പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അധികൃതരോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്നുമാണ് ഇയാള്‍ വിഡിയോയില്‍ പറഞ്ഞത്. തന്റെ ആവശ്യം അംഗീകരിക്കാതെ കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടാല്‍ താന്‍ ഉത്തരവാദിയായിരിക്കില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. രോഹിത് ആര്യയുടെ കയ്യില്‍ എയര്‍ ഗണ്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
---------------
Hindusthan Samachar / Sreejith S