Enter your Email Address to subscribe to our newsletters

Kollam, 30 ഒക്റ്റോബര്‍ (H.S.)
ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രലോഭന തന്ത്രം മാത്രമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. 10,000 കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള പണവും സ്‌പോണ്‍സര്‍മാരില്‍ നിന്നാണോ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണം വിട്ടൊഴിയാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള ധനശേഷി സര്‍ക്കാരിനില്ല. ധനസമാഹരണം ഏതു മാര്‍ഗത്തില്‍ നിന്നാണെന്നു വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവ് കാലിയാണെന്നു കാണിച്ചു കടമെടുപ്പ് പരിധി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും സമീപിച്ച് പരാജയപ്പെട്ട സര്‍ക്കാര്‍, പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗം കൂടി ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള തുക ബജറ്റില്‍ നീക്കി വച്ചിട്ടില്ല. ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്ത 10,000 കോടി രൂപ എങ്ങനെ കണ്ടെത്തും? നിയമസഭയുടെ അംഗീകാരമില്ലാതെ എങ്ങനെ ചെലവാക്കും? നിയമസഭാ സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സഭയില്‍ പ്രഖ്യാപിക്കാതെ പുറത്തു പ്രഖ്യാപനം നടത്തിയതു തന്നെ ചോദ്യങ്ങള്‍ ഭയന്നാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
700 കോടി രൂപയ്ക്കു വേണ്ടിയാണ് കേരളം നാളിതുവരെ സ്വീകരിച്ച പുരോഗമന വിദ്യാഭ്യാസനയം ബലികഴിച്ച് പിഎം ശ്രീയില്‍ ഒപ്പുവച്ചത്. 10,000 കോടി കണ്ടെത്താന്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് അറിയുവാന്‍ കേരള ജനതയ്ക്ക് ആകാംക്ഷയുണ്ട്. വൈദ്യുതി ചാര്‍ജ്ജ്, വെള്ളക്കരം, വീടിന്റെ പെര്‍മിറ്റ്, റജിസ്‌ട്രേഷന്‍ ചാര്‍ജജ്, ഭൂമിയുടെ ന്യായവില, സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഫീസ് തുടങ്ങി സേവനങ്ങളുടെ പേരില്‍ അമിത തുക ഈടാക്കി ജനങ്ങളെ കൊള്ള ചെയ്യുന്ന സര്‍ക്കാരിന് അവ വര്‍ധിപ്പിക്കാന്‍ കഴിയില്ല. മദ്യം, ലോട്ടറി, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ചുമത്തിയിട്ടുള്ള നികുതിയും പരമാവധിയാണെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S