തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ കൂട്ടിയത് കബളിപ്പിക്കാന്‍; വിഡി സതീശന്‍
Kochi, 30 ഒക്റ്റോബര്‍ (H.S.) വെള്ളത്തില്‍ വീണതില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസന്‍. . പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും
V D Satheeshan against pinarayi vijayan


Kochi, 30 ഒക്റ്റോബര്‍ (H.S.)

വെള്ളത്തില്‍ വീണതില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീസന്‍. . പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്തു നല്‍കിയാലും പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2500 രൂപയായി വര്‍ധിപ്പിക്കുമെന്ന് 5 വര്‍ഷം മുന്‍പ് എല്‍.ഡി.എഫ് പ്രഖ്യാപിച്ചതാണ്. നാലരകൊല്ലത്തിലധികം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ല. 2500 രൂപ നല്‍കാമെന്നു പറഞ്ഞ സ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്? യഥാര്‍ത്ഥത്തില്‍ 900 രൂപ വച്ച് ഒരാള്‍ക്ക് കഴിഞ്ഞ നാലരക്കൊല്ലത്തിനിടെ 52000 രൂപയാണ് നഷ്ടമായിരിക്കുന്നത്. പെന്‍ഷന്‍ 2500 ആക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ക്ക് നാലരക്കൊല്ലവും ഒരു രൂപ പോലും കൂട്ടാതെ തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ജനങ്ങളെ കബളിപ്പിക്കാനാകില്ല. 5 മാസം പെന്‍ഷന്‍ മുടക്കിയ സര്‍ക്കാരാണിത്. ഇപ്പോള്‍ പെന്‍ഷന്‍ കൂട്ടിയത് നല്ലകാര്യം. കൂട്ടിയതിനെ പ്രതിപക്ഷം എതിര്‍ക്കില്ല. പക്ഷെ 2500 തരാമെന്നും പറഞ്ഞ് ജനങ്ങളെ പറ്റിച്ചവരാണ് ഇപ്പോള്‍ 400 രൂപ കൂട്ടി പെന്‍ഷന്‍ 2000 ആക്കിയിരിക്കുന്നത്.

പ്രൈമറി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ടീച്ചര്‍മാര്‍ക്കും 1000 രൂപ കൂട്ടിയെന്നാണ് പറയുന്നത്. അതായത് ഒരു ദിവസം കൂടിയത് 33 രൂപ. ദിവസവേതനം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകെ അപമാനിക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ച സര്‍ക്കാരാണിത്. 233 രൂപ ദിവസ വേതനം ലഭിക്കുന്ന ആശ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ 33 രൂപയാണ് കൂടുതല്‍ നല്‍കിയിരിക്കുന്നത്. 2500 കോടി രൂപയുടെ ക്ഷേമനിധി ആനുകൂല്യങ്ങളാണ് നല്‍കാനുള്ളത്. കെട്ടിട നിര്‍മ്മാണ് ക്ഷേമനിധിയിലേത് ഉള്‍പ്പെടെയുള്ള ക്ഷേമനിധി പെന്‍ഷനുകള്‍ പതിനെട്ടും പത്തൊന്‍പതും മാസമായി മുടങ്ങിക്കിടക്കുകയാണ്. അങ്കണവാടി ടീച്ചര്‍മാരുടെ പെന്‍ഷനും മുടങ്ങി. ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല.

നായനാര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയതെന്നു പറയുന്നതും പച്ചക്കള്ളമാണ്. 1960-ല്‍ പട്ടം താണുപിള്ളയുടെ കാലം മുതല്‍ക്കാണ് വാര്‍ധക്യ പെന്‍ഷന്‍ കൊടുത്തു തുടങ്ങിയത്. 63-ല്‍ ആര്‍ ശങ്കറിന്റെ കാലത്ത് വിധവാ പെന്‍ഷന്‍ ആരംഭിച്ചു. അച്യുതാനന്ദന്റെ കാലത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 300 രൂപയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അത് 600 രൂപയായും പിന്നീട് 1000 രൂപയായും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 1500 രൂപയാക്കിയും വര്‍ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാതെ നാലരക്കൊല്ലവും ഈ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നുവെന്നത് സി.പി.എം ക്യാപ്സ്യൂളാണ്. അത് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ബാലഗോപാലിനെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വെല്ലുവിളിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അങ്ങനെയൊരു കുടിശിക ഉണ്ടായിട്ടില്ല. മൂന്നു മാസത്തെ കുടിശികയാണ് ഉണ്ടായിരുന്നതെന്ന് തോമസ് ഐസക് നിയമസഭയില്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അതാകട്ടെ അക്കൗണ്ട് മാറ്റുന്നതിനു വേണ്ടി എടുത്ത കാലതാമസമാണ്. എന്നിട്ടാണ് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന ക്യാപ്സ്യൂള്‍ സി.പി.എം ഇറക്കുന്നത്. പച്ചക്കള്ളം പ്രചരിപ്പിക്കാതെ ധൈര്യമുണ്ടെങ്കില്‍ തെളിയിക്കട്ടെ.

ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൊക്കെ 10-07-2024 ല്‍ നിയസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. 15 മാസം മുന്‍പ് പ്രഖ്യാപിച്ചിട്ടും നടപ്പാക്കിയില്ല. എന്നിട്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കും. എന്നാല്‍ നാലു വര്‍ഷവും നടപ്പാക്കാതിരുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് അടുത്തപ്പാള്‍ എല്‍.ഡി.എഫ് നടപ്പാക്കുമെന്നു പറയുന്നത്. ഇതൊക്കെ ആരെ കബളിപ്പിക്കാനാണ്? കടുത്ത സാമ്പത്തിക പ്രതിസന്ധി ആയതുകൊണ്ടാണ് പി.എം ശ്രീയില്‍ ഒപ്പുവച്ചതെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ എവിടെ നിന്നാണ് പണം കിട്ടിയത്. ഈ സര്‍ക്കാരിന് ഒരിടത്തു നിന്നും പണം ലഭിക്കുന്നില്ല. ഈ ബാധ്യതകളെല്ലാം വരാനിരിക്കുന്ന സര്‍ക്കാരിന്റെ തലയില്‍ ഇരിക്കട്ടെയെന്നു കരുതി ചെയ്യുന്നതാണ്. പ്രഖ്യാപിച്ചതൊക്കെ രണ്ടു മൂന്നു മാസം നല്‍കിയാല്‍ മതിയല്ലോ എന്നും സതീശന്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News