Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ വിഷയത്തില്‍ സിപിഐയില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സിപിഐ ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോള്‍ മന്ത്രി ജി.ആര്‍.അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തന്‍ ഓഫിസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് മന്ത്രി ജി.ആര്‍.അനില്‍ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അവ വേദനിപ്പിച്ചെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വാക്കുകള്‍ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 'പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ ശിവന്‍കുട്ടി സഖാവിനെ എബിവിപി അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ സഖാവും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തില്‍ തെറ്റായ പാതയിലാണെന്ന്' എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
ഇതാണ് മന്ത്രി ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ചു എന്നും ശിവന്‍കുട്ടി ആഞ്ഞടിച്ചു. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രവുമായി പിഎം ശ്രീയില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് പിന്നോട്ടു പോകാന്‍ സിപിഎം തീരുമാനിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S